അമൃതയുടെ കാൻസർ നാനോമെഡിസിന് അമേരിക്ക, ആസ്ട്രേലിയൻ പേറ്റന്റ്

Tuesday 20 September 2022 3:57 AM IST

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ സ്‌കൂൾ ഒഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ ഗവേഷകർ വികസിപ്പിച്ച കരൾ അർബുദത്തിനുള്ള നാനോ മെഡിസിൻ അമേരിക്കയുടെയും ആസ്‌ട്രേലിയയുടെയും പേറ്റന്റ് നേടി. ലിവർ സിറോസിസും ലിവർ ട്യൂമറും നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്നതാണ് പുതിയ നാനോമെഡിസിൻ.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ ഭാഗമായ നാനോബയോ ടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സ് നൽകിയ ധനസഹായം ഉപയോഗിച്ചാണ് ഗവേഷണം നടത്തിയതെന്ന് അമൃത അധികൃതർ പറഞ്ഞു.

ഡോ.ശാന്തികുമാർ വി. നായരും കൊച്ചിയിലെ അമൃത സ്‌കൂൾ ഒഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ പ്രൊഫസർ ഡോ. മൻസൂർ കോയക്കുട്ടിയും ചേർന്ന് നയിച്ച സംഘമാണ് നാനോമെഡിസിൻ വികസിപ്പിച്ചത്. ഡോ.അനുഷ അശോകൻ, ഡോ.ഐഡ എം.അന്ന, ഡോ.വിജയ് ഹരീഷ്, ഡോ.ബദരിനാഥ് ശ്രീധരൻ എന്നിവരാണ് മറ്റു ഗവേഷകർ.

മരുന്നിനൊപ്പം മെഡിക്കൽ ഇമേജിംഗിനും ഉപയോഗിക്കാവുന്ന നാനോമെഡിസിനാണ് നിർമ്മിച്ചതെന്ന് പ്രൊഫസർ ഡോ. മൻസൂർ കോയക്കുട്ടി പറഞ്ഞു. മനുഷ്യ ഉപയോഗത്തിന് പൂർണമായും സുരക്ഷിതമാണ്. ലിവർ സിറോസിസും ലിവർ ട്യൂമറും പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയും. റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ച് നാനോപാർട്ടിക്കിളുകളെ സജീവമാക്കി കാൻസർ കോശങ്ങളെ താപമായി ഇല്ലാതാക്കി (കത്തിച്ച് ) കരൾ ട്യൂമർ ചികിത്സിക്കുന്നതിനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പുമായി സഹകരിച്ച് വലിയ മൃഗങ്ങളുടെ മാതൃകകളിൽ പഠനങ്ങൾ പരീക്ഷിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ നാനോമെഡിസിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് ഡോ. ശാന്തികുമാർ പറഞ്ഞു.

Advertisement
Advertisement