തമ്മനം-പുല്ലേപ്പടി റോഡ് വികസനം: സംയുക്ത പരിശോധനയ്ക്ക് തീരുമാനം നടത്തും

Tuesday 20 September 2022 2:08 AM IST

കൊച്ചി: തമ്മനം -പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് വിട്ടുനൽകിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

റോഡ് വികസനത്തിനായി വിട്ടു നൽകിയ ഭൂമിയിൽ സ്ഥാപിച്ച കല്ലുകൾ റവന്യൂ, കോർപ്പറേഷൻ, കേരള റോഡ് ഫണ്ട് ബോർഡ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നേരിട്ടെത്തി പരിശോധിക്കും. ഭൂമി ഉടമസ്ഥത രേഖകളിൽ മാറ്റാത്ത സ്ഥലങ്ങളിൽ ഉടൻ മാറ്റാനുള്ള പ്രവർത്തനങ്ങളും സാമാന്തരമായി നടത്തും. ഡെപ്യൂട്ടി കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഒക്ടോബർ 30ന് മുൻപായി 89 സ്ഥലങ്ങളും സന്ദർശിച്ച് സ്‌കെച്ച് തയ്യാറാക്കാനും കളക്ടർ നിർദേശിച്ചു. യോഗത്തിൽ മേയർ എം. അനിൽകുമാർ, എം. എൽ.എ മാരായ ടി.ജെ.വിനോദ്, ഉമ തോമസ്, ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാൽ, കോർപ്പറേഷൻ, റവന്യൂ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഭൂമി ഏറ്റെടുക്കുന്നതിന്റെ സർക്കാർ അനുമതിയായ കണ്ടി​ൻജൻസി ചാർജ് കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ വകുപ്പിന് കൈമാറി. ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ മുന്നോടിയായുള്ള സാമൂഹ്യാഘാത പഠനത്തിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മൂന്ന് സംഘടനകളാണ് ടെൻഡറിൽ പങ്കെടുത്തത്. അഞ്ചേക്കറിൽ അധികം സ്ഥലം ഏറ്റെടുക്കേണ്ടതിനാൽ ടെൻഡർ അംഗീകരിക്കേണ്ടത് സർക്കാരാണ്. അതിനാൽ, ഫയൽ കളക്ടർക്ക് സമർപ്പിച്ചു.

ഹിയറിംഗും കഴിഞ്ഞ് വി​ദഗ്ദ്ധ സമി​തി​യുടെ അംഗീകാരം കി​ട്ടി​യ ശേഷമേ പ്രാരംഭ വിജ്ഞാപനം ഇറക്കാനാകൂ. ഡിസംബറിന് മുമ്പ് ഇത് പൂർത്തിയാക്കിയേക്കും. സ്ഥലമേറ്റെടുക്കാൻ 93.89 കോടി​ രൂപ ഈ വർഷമാദ്യം കി​ഫ്ബി​ അനുവദി​ച്ചി​ട്ടുണ്ട്. ഇടപ്പള്ളി - അരൂർ ദേശീയപാതയി​ൽ ചളി​ക്കവട്ടത്ത് നി​ന്ന് തുടങ്ങി എം.ജി റോഡിലെ പത്മ ജംഗ്ഷനിൽ അവസാനിക്കുന്ന 3.68 കിലോമീറ്റർ റോഡ് വികസി​പ്പി​ച്ചാൽ എറണാകുളം നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകും.

Advertisement
Advertisement