അപകടം മറഞ്ഞിരിക്കുന്ന മണ്ണാറക്കുളഞ്ഞി

Tuesday 20 September 2022 12:05 AM IST
മണ്ണാറക്കുളഞ്ഞി​

പത്തനംതിട്ട : ശബരിമല പാതയായ മണ്ണാറക്കുളഞ്ഞിയിലെ വളവുകൾ അപകട മുനമ്പാവുകയാണ്. തുടർച്ചയായി അപകടങ്ങൾ നടക്കുമ്പോഴും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. റോഡിന്റെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. കൃത്യമായ ദിശാബോർഡുകളില്ലാത്തതിന്റെ അഭാവവും അപകടകാരണമാണ്. ശബരിമല മണ്ഡലകാലത്തിന് രണ്ട് മാസം ബാക്കി നിൽക്കെ ഇവിടെ യാതൊരു ഒരുക്കങ്ങളും നടന്നിട്ടില്ല.

സ്ഥലമേറ്റെടുപ്പ് പൂർത്തിയായില്ല

കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സ്ഥലത്തിന് നൂറ് മീറ്റർ അകലെവരെയാണ് റോഡ് നവീകരണം നടന്നിരിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ വളവുനികത്തി റോഡ് നിർമിക്കണം. എന്നാൽ ഇവിടെ സ്ഥലമേറ്റെടുപ്പ് വൈകുകയാണ്. വാഹനങ്ങളുടെ അമിതവേഗവും ഇവിടെ അപകടകാരണമാകുന്നു. വേഗത കുറയ്ക്കാനാവശ്യമായ യാതോരുവിധ ക്രമീകരണങ്ങളും നടപ്പാക്കിയിട്ടില്ല.

കൃത്യതയില്ലാതെ ദിശാ ബോർഡ്

ശബരിമല പാതയായിട്ട് പോലും ദിശാ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണ്. മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ

പത്തനംതിട്ട - റാന്നി , പത്തനംതിട്ട - ശബരിമല റൂട്ടുകളിൽ നിന്ന് വരുന്നതും എതിരെ എത്തുന്നതുമായ വാഹനങ്ങൾ കൂട്ടിയിടിക്കാൻ സാദ്ധ്യതയേറെയാണ്. വളവും ഇറക്കവും കയറ്റവുമായി പോകുന്ന റോഡിൽ വേഗ നിയന്ത്രണത്തിന് മുന്നറിയിപ്പ് സംവിധാനമില്ല.

രാത്രിയിൽ തെരുവ് വിളക്കില്ല

തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമായിട്ട് പോലും ഈ റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. ലൈറ്റുകൾ നശിച്ച് പോയിട്ട് നാളുകളായെങ്കിലും പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. തെരുവ് നായ ശല്യവും രൂക്ഷമാണ്.

" ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് നിർമ്മാണങ്ങൾ ഉണ്ടാകും. വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് ഭാഗം ഇപ്പോഴും നിർമ്മാണം ആരംഭിച്ചിട്ടില്ല. "

കെ.എസ്.ടി.പി അധികൃതർ

" റോഡ് നിർമ്മാണം അശാസ്ത്രീയമാണ്. പഴയ ദിശാ ബോർഡ് പോലും എടുത്ത് മാറ്റിയിട്ടില്ല. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങളും ശബരിമലയിൽ നിന്ന് വരുന്ന വാഹനങ്ങളും സ്ഥിരം അപകടത്തിൽപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാനോ മനസിലാക്കാനോ അധികൃതർ ശ്രമിക്കുന്നില്ല. "

സാമുവൽ മാത്യു

(പ്രദേശവാസി)

Advertisement
Advertisement