കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം: വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു  കുടിശിക അടയ്ക്കാമെന്ന് ക്രിക്കറ്റ് അസോസിയേഷന്റെ ഉറപ്പ്

Tuesday 20 September 2022 12:01 AM IST

തിരുവനന്തപുരം: ബിൽ കുടിശിക അടയ്ക്കാമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ കെ.എസ്.ഇ.ബിയെ അറിയിച്ചതോടെ കാര്യവട്ടം ഗ്രീൻഫീൽഡ‌് സ്റ്റേഡിയത്തിന്റെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു. ഈ മാസം 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെ മൂന്നു ദിവസം മുമ്പാണ് 2.5 കോടിരൂപ ബിൽ കുടിശികയുള്ളതിന്റെ പേരിൽ കണക്ഷൻ വിച്ഛേദിച്ചത്. രണ്ടുവർഷത്തിലേറെയായുള്ള കുടിശിക തുകയാണിത്. ക്രിക്കറ്റ് മത്സരം നടക്കാനിരിക്കുന്നതുകൊണ്ടാണ് അസോസിയേഷൻ ഇടപെട്ടത്.

കുടിശിക പൂർണമായും സമയബന്ധിതമായും അടയ്ക്കാമെന്ന ഉറപ്പ് അസോസിയേഷൻ ഭാരവാഹികൾ കെ.എസ്.ഇ.ബിക്ക് എഴുതി നൽകി. ടോക്കൺ തുകയായി 50,000 രൂപയും അടച്ചു. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുക നൽകാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് കിട്ടുന്നതോടെ കുടിശിക മുഴുവൻ ഒറ്റത്തവണയായിതന്നെ അടയ്ക്കാമെന്നും അസോസിയേഷൻ അറിയിച്ചതായി കെ.എസ്.ഇ.ബി പറഞ്ഞു.

കുടിശികയ്ക്കായി കെ.എസ്.ഇ.ബി പലതവണ ബന്ധപ്പെട്ടെങ്കിലും സ്റ്റേഡിയം നടത്തിപ്പുകാരായ കാര്യവട്ടം സ്‌പോർട്സ് ഫെസിലിറ്റീസ് കമ്പനി പ്രതികരിച്ചിരുന്നില്ല. രണ്ടുമാസം മുമ്പ് കണക്ഷൻ വിച്ഛേദിച്ചെങ്കിലും അന്ന് രണ്ടുലക്ഷം രൂപ അടച്ചതിനെത്തുടർന്ന് പുന:സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നിന് ആദ്യഗഡുവായി 50 ലക്ഷം അടയ്ക്കാമെന്ന ഉറപ്പ് കമ്പനി പാലിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനുമായി 15 വർഷത്തെ പാട്ടക്കരാറുണ്ട്.

നാൽപ്പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഗാലറിയുടെയും ഫ്ളഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലാണ്.

Advertisement
Advertisement