സംയുക്ത പദ്ധതി ഒരുങ്ങുന്നു: അന്യസംസ്ഥാന തൊഴിലാളികൾ ഇനി മലയാളം പറയും

Tuesday 20 September 2022 12:17 AM IST

അന്യസംസ്ഥാനത്തൊഴിലാളികൾ കൂടുതലുള്ള സ്ഥലങ്ങൾ

കഞ്ചിക്കോട്, പുതുശ്ശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി.

പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സാക്ഷരതാസമിതി യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ അന്യസംസ്ഥാനത്തൊഴിലാളികൾ കൂടുതലുള്ള കഞ്ചിക്കോട്, പുതുശ്ശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ ഓരോ പഞ്ചായത്തുകളിൽ നിന്നും കുറഞ്ഞത് 100 സാക്ഷരതാ പഠിതാക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഈ വർഷം 8000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനാണ് പദ്ധതി. ജില്ലയിലെ സാക്ഷരതാ നിരക്കും പത്താംതരം വിജയശതമാനവും രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കാൻ പ്രാധാന്യം നൽകും. പദ്ധതിയുടെ സർവേ ഒക്ടോബർ രണ്ടിന് ആരംഭിക്കും.

പഠ്നാ ലിഖ്നാ അഭിയാൻ പദ്ധതിയിൽ സാക്ഷരരായത് 48,236 പേർ

പഠ്നാ ലിഖ്നാ അഭിയാൻ പദ്ധതിയിലൂടെ ജില്ലയിൽ 48,236 പഠിതാക്കൾ ഇതുവരെ സാക്ഷരരായി. കൂടാതെ ഒമ്പതിനായിരത്തോളം പഠിതാക്കൾ പത്താം തരത്തിലും ഹയർസെക്കൻഡറി തുല്യതാ ക്ലാസുകളിലും പഠിക്കുന്നുണ്ട്. ഇവർക്ക് 75 പഠനകേന്ദ്രങ്ങളിലായി 350 ഓളം അദ്ധ്യാപകരെ ഉൾപ്പെടുത്തി തുല്യതാപരിശീലനം നൽകും.

Advertisement
Advertisement