യാത്രാമദ്ധ്യേ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു, രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Tuesday 20 September 2022 2:55 AM IST
ആംബുലൻസ് പൈലറ്റ് സുധീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബിൻസി

പാലക്കാട്: നാട്ടിലേക്കുള്ള യാത്രാമധ്യേ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിതയാണ് (26) ഇന്നലെ രാവിലെ 10ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും ഇവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയയിലേക്ക് പോകാൻ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ശേഷം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് എസ്. സുധീഷ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തിയ ഉടൻ ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുധീഷ് ഇരുവരെയും ഉടൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement
Advertisement