അഭിനയം കണ്ടിട്ടും ബോദ്ധ്യപ്പെട്ടിട്ടുമൊന്നുമല്ല സെലക്‌ട് ചെയ‌്തത്, ആ നായിക പെർഫക്‌ട് ചോയിസ് ആയിരുന്നോയെന്ന് ഇപ്പോഴും തനിക്ക് ഉറപ്പില്ലെന്ന് സിബി മലയിൽ
ദശരഥത്തിൽ നായികയായി രേഖയെ തീരുമാനിച്ചപ്പോൾ ഒരു പെർഫക്‌ട് ചോയിസ് ആയിരുന്നോയെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ലെന്ന് സംവിധായകൻ സിബി മലയിൽ. പുതിയ ഒരാൾ വേണമെന്ന ഉദ്ദേശ്യത്തിന്റെ പുറത്താണ് രേഖയെ കാസ്‌റ്റ് ചെയ‌്തതെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ദശരഥം ഇന്നാണ് സംവിധാനം ചെയ്യുന്നതെങ്കിൽ മുരളി, സുകുമാരി, രേഖ എന്നിവർക്കൊക്കെ പകരക്കാർ ആര് എന്നൊന്നും ചിന്തിച്ചിട്ടില്ല. അക്കാലഘട്ടത്തിൽ ഏറ്റവും ഉചിതമായ ആൾക്കാർ അവരു തന്നെയായിരുന്നു. റാംജി റാവ് സ്പീക്കിംഗ് ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് രേഖ ദശരഥത്തിലേക്ക് വരുന്നത്. രേഖ ഒരു പെർഫക്‌ട് ചോയിസ് ആയിരുന്നോയെന്ന് എനിക്കറിയില്ല. പുതിയ ഒരാൾ വേണമെന്നുണ്ടായിരുന്നു. രേഖയുടെ അഭിനയം കണ്ടിട്ടും ബോദ്ധ്യപ്പെട്ടിട്ടുമൊന്നുമല്ല സെലക്‌ട് ചെയ‌്തത്. അത്ര പരിചിതമല്ലാത്ത മുഖം അതിനകത്ത് വരണമെന്നുണ്ടായിരുന്നു'.