ഡെന്മാർക്ക് കമ്പനിയുടെ പ്രോജക്ട് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: പ്രതി പിടിയിൽ

Wednesday 21 September 2022 12:38 AM IST

കൊച്ചി: ഡെന്മാർക്ക് കമ്പനിയുടെ പ്രോജക്ട് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം കുന്നിക്കോട്, ചക്കുവരക്കൽ നേടിയകല വീട്ടിൽ തോമസിന്റെ മകൻ അജി തോമസാണ് (45) പിടിയിലായത്.

പൊലീസ് പറയുന്നത്: കമ്പനിക്കുവേണ്ടി പ്രൊജക്റ്റ് വർക്ക് ഓൺലൈനിൽ ചെയ്യണമെന്നും പ്രതിമാസം പരാതിക്കാരനും ഭാര്യയ്ക്കും 25,000 രൂപവീതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി പ്രൊജക്റ്റ് ലാപ്‌ടോപ്പിലും ഐഫോണിലും ആയിട്ടാണ് ജോലിചെയ്യേണ്ടതെന്നും അതിന് ലാപ്‌ടോപ്പും ഫോണും വാങ്ങണമെന്നും അറിയിച്ചു.

പ്രതിയെ വിശ്വസിച്ച പരാതിക്കാരൻ ലാപ്‌ടോപ്പും ഫോണും വാങ്ങി. പിന്നീട് പ്രതി ഇവരെ സമീപിച്ച് ലാപ്‌ടോപ്പും ഫോണും കൈവശമാക്കുകയും ഇതിൽ കമ്പനിയുടെ ആപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്ത് അടുത്തദിവസം കൊണ്ടുവന്ന് ഏൽപ്പിക്കാമെന്നും പറഞ്ഞു. പിന്നീട് പരാതിക്കാർ ഫോണിൽ വിളിച്ചപ്പോൾ പ്രതിയെ കിട്ടാതായി. ഇതിനിടയിൽ പരാതിക്കാരൻ തന്റെ ലാപ്‌ടോപ്പും ഫോണും വില്പന നടന്നതായി മനസിലാക്കി . തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ഇയാൾ ഈ രീതിയിൽ പലരെയും പറ്റിച്ചതായി മനസിലായി. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലാണെന്ന് മനസിലാക്കുകയും അന്വേഷണസംഘം അവിടെയെത്തി കെമ്പഗൗഡ ബസ് സ്റ്റാൻഡിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement