ടോഡി ബോർഡ് യാഥാർത്ഥ്യമാവുന്നു

Tuesday 20 September 2022 11:57 PM IST

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ടോഡി ബോർഡ് രൂപീകരണത്തിനുള്ള ഫയൽ ഒരാഴ്ചയ്ക്കുള്ളിൽ തീർപ്പാവും. നികുതി വകുപ്പിലെ ജി സെക്ഷനിലാണ് ഇപ്പോൾ ഇതു സംബന്ധിച്ച ഫയലുള്ളത്. നിയമസഭ ഇതിന്റെ ബില്ല് നേരത്തെ പാസാക്കിയെങ്കിലും ചട്ടഭേദഗതി നടപ്പാവാത്തതാണ് ബോർഡ് പ്രഖ്യാപനം വൈകിച്ചത്. മന്ത്രിതലത്തിൽ വന്ന മാറ്റവും വൈകലിന് കാരണമായി.

കള്ളുവ്യവസായ മേഖലയിലെ തൊഴിലാളി സംഘടന പ്രതിനിധികളുടെ കാര്യത്തിൽ എക്സൈസ് വകുപ്പ് മന്ത്രി അന്തിമ തീരുമാനമെടുത്തെങ്കിലേ ചട്ടഭേദഗതി വരുത്താനാവൂ.

എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയാവുകയും സ്പീക്കറായിരുന്ന എം.ബി.രാജേഷ് ആ ചുമതലയിലേക്ക് വരികയും ചെയ്തതിനിടയിൽ ഫയൽ പരിശോധന നടന്നില്ല. ബോർഡ് രൂപീകരണത്തിനുവേണ്ട ചട്ടങ്ങൾ തയ്യാറാക്കാൻ നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് പരിഗണനയ്ക്കു വരേണ്ട ഘട്ടത്തിലാണ് മന്ത്രി മാറിയത്.

കള്ള് വ്യവസായത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപീകരിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചത്. ബോർഡ് യാഥാർത്ഥ്യമാവാത്തതിനാൽ നേരത്തെ കള്ള് ഷാപ്പുകൾ നടത്തിയിരുന്ന കരാറുകാർക്ക് തന്നെ 2022-23 വർഷവും കരാർ പുതുക്കി നൽകിയിരുന്നു.

നികുതി വകുപ്പ് പ്രതിനിധി,എക്‌സൈസ് കമ്മിഷണർ തുടങ്ങി 21 അംഗങ്ങളാണ് ബോർഡിൽ ഉണ്ടാവുക. ഇതിൽ തൊഴിലാളി സംഘടന പ്രതിനിധികളെ നിശ്ചയിക്കുന്നതിലാണ് മന്ത്രിതലത്തിൽ തീരുമാനം വരേണ്ടത്.

ബോർഡിന്റെ ഉദ്ദേശ്യങ്ങൾ

#ശുദ്ധമായ കള്ള് ലഭ്യമാക്കുക

#മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുക

#അത്യുത്പാദന ശേഷിയുള്ള തെങ്ങുകൾ വ്യാപിപ്പിക്കുക

#ഷാപ്പുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക

5200

ആകെ ഷാപ്പുകൾ

4600

ഇപ്പോൾ പ്രവർത്തിക്കുന്നവ

34,000

ആകെ തൊഴിലാളികൾ

24 ,000

ക്ഷേമനിധി ബോർഡിൽ ഉൾപ്പെട്ടവർ