മന്ത്രി വീണാ ജോർജ് കാണാനെത്തി; ഭർത്താവിന്റെ ക്രൂരത പറഞ്ഞ് വിങ്ങിപ്പൊട്ടി വിദ്യ

Wednesday 21 September 2022 1:49 AM IST

തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യ, തന്നെ കാണാനെത്തിയ മന്ത്രി വീണാജോർജിനോട് ഭർത്താവിന്റെ ക്രൂരതകൾ പറഞ്ഞ് പൊട്ടിക്കരഞ്ഞു. മനസിന്റെ ധൈര്യം കൈവിടരുതെന്നു പറഞ്ഞ് മന്ത്രി ആശ്വസിപ്പിച്ചു.

ഇന്നലെയാണ് മന്ത്രി ഐ.സി.യുവിൽ വിദ്യയെ കാണാനെത്തിയത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ ഇരുപത്തേഴുകാരി വിദ്യയെ ഇടതുകൈപ്പത്തി പൂർണമായി അറ്റുതൂങ്ങിയ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിനും പൊട്ടലുണ്ട്. രോഗിയെ എത്തിച്ച് അര മണിക്കൂറിനകം, ശനിയാഴ്ച രാത്രി 12ന് തുടങ്ങിയ ശസ്ത്രക്രിയ 8മണിക്കൂറെടുത്താണ് പൂർത്തിയായത്. വിദ്യയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗമനമുണ്ടെന്നും കൈയ്ക്ക് അനക്കവും സ്‌പർശന ശേഷിയുമുള്ളത് ശുഭസൂചനയാണെന്നും ഡോക്ടർമാർ മന്ത്രിയോട് പറഞ്ഞു. 48മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും.

വീഡിയോ കോൾ വഴി വിദ്യ കുഞ്ഞുമായും സംസാരിച്ചു. വിദ്യയ്ക്ക് നേരെയുള്ള വെട്ട് തടയുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മകളെപ്പറ്റി പറഞ്ഞ് വിദ്യയുടെ മാതാപിതാക്കൾ മന്ത്രിക്കു മുന്നിൽ വിതുമ്പിയത് കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനച്ചു. വനിതാശിശുവികസന വകുപ്പിന്റെ നിയമപരമായ സഹായവും മന്ത്രി ഉറപ്പ് നൽകി.

ചികിത്സ പൂർണ സൗജന്യം

വിദ്യയുടെ ചികിത്സ പൂർണമായും സൗജന്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രിയിൽ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്തത്. വരും ദിവസങ്ങളിലുണ്ടാകുന്ന ചെലവും പൂർണമായി ഒഴിവാക്കും.