വി. മുരളീധരന്റെ ജിബൂട്ടി സന്ദർശനം ഇന്നുമുതൽ
ന്യൂഡൽഹി: വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നുമുതൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ രണ്ടു ദിവസം ഔദ്യോഗിക സന്ദർശനം നടത്തും. ജിബൂട്ടിയിൽ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത് പ്രധാനമന്ത്രി അബ്ദുൾകാദർ കാമിലുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. വിദേശമന്ത്രി മഹമൂദ് അലി യൂസഫുമായും മറ്റു പ്രതിനിധികളുമായും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ചനടത്തും.
വിസ കൂടാതെ നയതന്ത്ര, ഔദ്യോഗിക, സർവീസ് പാസ്‌പോർട്ടുകൾ അനുവദിക്കാനുള്ള കരാറിൽ അദ്ദേഹം ഒപ്പുവയ്ക്കും. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും(എസ്.എസ്.ഐ.എഫ്.എസ്) ജിബൂട്ടിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും (ഐ.ഡി.എസ്) തമ്മിലുള്ള ധാരണാപത്രവും ഒപ്പുവയ്ക്കും. ജിബൂട്ടിയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും.
2015ൽ യെമനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ച ഓപ്പറേഷൻ റാഹത്തിന് ജിബൂട്ടി പിന്തുണ നൽകിയിരുന്നു. ഇന്ത്യയും ജിബൂട്ടിയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് സന്ദർശനം കൂടുതൽ ഊർജം പകരുമെന്നാണു പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.