'എന്റെ മോള് ചാകാൻ വേണ്ടിയാണ് ഞാൻ ഈ വീട് വച്ചത്, സർക്കാരിന് വേണമെങ്കിൽ വീട് കൊടുക്കാം'; അഭിരാമിയുടെ അച്ഛന്റെ പ്രതികരണം

Wednesday 21 September 2022 7:32 AM IST

കുന്നത്തൂർ: ജപ്തി നോട്ടീസ് മകൾക്ക് വേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാർ. നോട്ടീസ് മറച്ചുവയ്ക്കണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നുവെന്നും വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണം കൊവിഡ് പ്രതിസന്ധിയാണെന്നും അജികുമാർ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് കിട്ടിയത്. 'ജീവിക്കാനാ എല്ലാവരും മക്കൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ... എന്റെ മോള് ചാകാൻ വേണ്ടിയാണ് ഞാൻ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ...സർക്കാരിന് വേണമെങ്കിൽ വീട് കൊടുക്കാം. സർക്കാർ എന്ത് വേണമെങ്കിലും ചെയ്യട്ടെ.'- അജികുമാർ പറഞ്ഞു.

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഭിരാമി ജീവനോടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെ കിടപ്പുമുറിയിലെ ഫാനിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് തൂങ്ങുകയായിരുന്നു. സംഭവസമയം വൃദ്ധയായ അമ്മൂമ്മ ശാന്തമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അഭിരാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പതാരത്തെ കേരള ബാങ്ക് ശാഖയിൽ നിന്ന് ഭവന നിർമ്മാണത്തിനായി അജി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് മാനേജരും പൊലീസും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ച് മടങ്ങി.

അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി നടപടികൾ ഒഴിവാക്കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് മകളുടെ മരണവിവരം അറിയുന്നത്. ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. പത്രപരസ്യവും നൽകിയ ശേഷമാണ് ജപ്തി നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു. അതേസമയം, അഭിരാമിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.