അഞ്ച് ബില്ലുകൾ ഒപ്പുവച്ചു; ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഉറച്ച് ഗവർണർ

Wednesday 21 September 2022 10:52 AM IST

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ പതിനൊന്ന് ബില്ലുകളാണ് സഭ പാസാക്കി ഗവർണർക്ക് അയച്ചത്. സർവകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാക്കി നാല് ബില്ലുകളിൽ തീരുമാനം നീളുകയാണ്. ഇന്ന് ഡൽഹിയിലേയ്ക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേയ്ക്ക് മടങ്ങിവരില്ല.

അതേസമയം, കേരള സർവകലാശാല വി സി നിയമനത്തിൽ ഗവർണർ നിലപാട് വ്യക്തമാക്കിയിരുന്നു. വി സി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിലേയ്ക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണർ സർവകലാശാലയോട് നിർദേശിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും സർവകലാശാല ഇതുവരെ പ്രതിനിധിയെ നിർദേശിച്ചിരുന്നില്ല. നേരത്തേ ആസൂത്രണബോർഡ് അംഗം വി കെ രാമചന്ദ്രനെ നിർദേശിച്ചെങ്കിലും പിന്നീട് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. നിലവിലെ സാഹചര്യമനുസരിച്ച് സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സർവകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കേരള സർവകലാശാല കാത്തിരിക്കുന്നതിനിടെയാണ് രാജ്ഭവന്റെ പുതിയ നിർദേശം.