ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പോസ്‌റ്ററിൽ ഇടംനേടി സവർക്കറും, വിവാദമായതോടെ പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു; ഐഎൻടിയുസി നേതാവിനെതിരെ നടപടി

Wednesday 21 September 2022 9:11 PM IST

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പോസ്‌റ്ററിൽ എറണാകുളം ജില്ലയിൽ അത്താണിയിൽ വിവിധ നേതാക്കളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രവും ഉപയോഗിച്ചതിന് പിന്നാലെ അച്ചടക്ക നടപടി. നെടുമ്പാശേരിയിൽ അത്താണിയിൽ അൻവർ സാദത്ത് എംഎൽഎയുടെ വീടിന് സമീപമുള‌ള കോട്ടായി ജംഗ്ഷനിലാണ് കോൺഗ്രസ് സ്ഥാപിച്ച പോസ്‌റ്രറിൽ സവർക്കറും ഇടംപിടിച്ചത്. രബീന്ദ്രനാഥ ടാഗോർ, അബ്‌ദുൾ കലാം ആസാദ്, ജി.ബി പന്ത്, ദാദാഭായി നവറോജി, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ചിത്രത്തോടൊപ്പമാണ് സവർക്കറുടെ ചിത്രവുമുള‌ളത്.

സംഭവം വിവാദമായതോടെ പോസ്‌റ്ററിൽ സവർക്കർക്ക് പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. സ്ഥലത്തെ ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് ഫ്ളക്‌സ് പോസ്‌റ്റർ പതിച്ചതെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രമാണ് സ്ഥാപിക്കാൻ പറഞ്ഞതെന്നും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ജില്ലാ നേതൃത്വത്തോട് വിശദീകരിച്ചു. സംഭവത്തിന് പിന്നാലെ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു.

Advertisement
Advertisement