കാട്ടാക്കട സംഭവം: മാപ്പുപറഞ്ഞ് ട്രാൻ. സി.എം.ഡി)​ 'തിരുത്താൻ തയ്യാറാകാത്ത കളകളെ പറിച്ചു കളയും'

Wednesday 21 September 2022 9:12 PM IST

 മാനസിക വിഭ്രാന്തിയുള്ള ചില

ജീവനക്കാരാണ് പ്രശ്നം

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ ദളിതനായ പിതാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പു പറഞ്ഞ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, സ്വയം തിരുത്താൻ തയ്യാറാകാത്ത ജീവനക്കാരെ ചട്ടപ്രകാരം പുറത്താക്കുമെന്ന് അറിയിച്ചു. ഇത്തരം ജീവനക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല. ഗതാഗത മന്ത്രിയുടെയും സർക്കാരിന്റെയും നിലപാടും അതുതന്നെയാണ്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിൽ ബിജു പ്രഭാകർ പറഞ്ഞു.

ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്ന് ഏവരും മനസിലാക്കണം. ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. സംഭവത്തിൽ ഖേദിക്കുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസെഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നത്.

പെൺകുട്ടിക്കും പിതാവിനും ജീവനക്കാരിൽനിന്നും നേരിടേണ്ടി വന്ന വൈഷമ്യത്തിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.