'ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലാകാഞ്ഞിട്ടാണ്'

Thursday 22 September 2022 1:14 AM IST

തിരുവനന്തപുരം: 'ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലാകാഞ്ഞിട്ടാണ്. ഞാൻ ഒരാളിൽ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാൻ നടക്കുന്ന ആളല്ല', ചില ആനുകൂല്യങ്ങൾ നേടിയെടുക്കാൻ താൻ ശ്രമിച്ചുവെന്ന ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു.

താൻ എഴുതിയ കത്തുകൾ പുറത്തുവിട്ടുകൊണ്ടു തന്നെ താൻ കത്തെഴുതാറില്ലെന്ന വാദഗതി അദ്ദേഹംതന്നെ ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ സ്ഥാനത്തിരിക്കുന്ന ആളെ ഇടിച്ചുതാഴ്ത്താൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ തമ്മിൽ നടന്ന സംസാരത്തിന്റെ കാര്യങ്ങൾ അദ്ദേഹം തെറ്റായി അവതരിപ്പിക്കുന്നു. അതൊന്നും വസ്തുതയല്ല. അതൊക്കെ തുറന്നുപറയുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഞാൻ വെളിപ്പെടുത്താൻ നിന്നാൽ പലതും പറയാനുണ്ടാകും. ഇപ്പോൾ അതിന് തുനിയുന്നില്ല.


അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞത് അടുത്ത ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനാണോയെന്ന് അറിയില്ല. അദ്ദേഹം പലേടത്തും മത്സരിച്ചിട്ടുള്ള ആളാണ്. ബി.ജെ.പിക്ക് ഇവിടെ നല്ല ആളെ കിട്ടുന്നില്ലെന്നാണ് പറയുന്നത്. അവർക്ക് നല്ലയാളാണെന്ന് തോന്നിയെങ്കിൽ വരട്ടെ, നമുക്ക് നോക്കാം.

ആർ.എസ്.എസ് എല്ലാറ്റിനേയും സംരക്ഷിക്കും എന്ന് കണ്ടതിന്റെ ഭാഗമായിട്ടുള്ള മതിമറക്കൽ ഗവർണറുടെ ഭാഗത്തുണ്ട്. അത് നല്ലതല്ല. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി ആർ.എസ്.എസ് തലപ്പത്തിരിക്കുന്ന മോഹൻഭാഗവതിനെ പോയി കാണുന്നത് ആരും ചോദ്യം ചെയ്യില്ല. എന്നാൽ, ഗവർണർ സ്ഥാനത്തിരിക്കുന്ന ആളുടെ ഇത്തരം സന്ദർശനം സാധാരണ കാണുന്ന രീതിയില്ല. കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്.

Advertisement
Advertisement