കാടിറങ്ങി കടുവ , പോത്തിനെ കൊന്നു, ജനം ഭീതിയിൽ

Wednesday 21 September 2022 11:16 PM IST

പത്തനംതിട്ട : റബർതോട്ടത്തിലേക്ക് അലറിപ്പാഞ്ഞെത്തിയ കടവുയെ കണ്ട് ടാപ്പിംഗ് തൊഴിലാളികൾ വിരണ്ടു. സമീപം കെട്ടിയിയിട്ടിരുന്ന പോത്തിനെ ആക്രമിച്ച് കൊന്ന ശേഷം കടുവ ഒാടിപ്പോകുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് അവർ. വടശേരിക്കര മുക്കുഴി കോടമലയിലാണ് സംഭവം. ഇന്നലെ രാവിലെ 6 ന് വനത്തിന് സമീപമുള്ള റബർ തോട്ടത്തിലെത്തിയ ടാപ്പിംഗ് തൊഴിലാളികളായ സുമംഗല, അനിൽ, അർജുൻ എന്നിവരാണ് കടുവയെ ആദ്യം കണ്ടത്. വലിയ ശബ്ദത്തിൽ അലറിയ കടുവ പോത്തിനെ ആക്രമിച്ച് കൊന്ന ശേഷം വനത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളികളാണ് സമീപത്തുള്ള വീടുകളിലും വനംവകുപ്പിലും വിവരം അറിയിച്ചത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കടുവയെ കുടുക്കാനായി സെൻസർ ഉപയോഗിച്ചുള്ള കാമറ സ്ഥാപിച്ചു. വന്യ ജീവികളുടെ സാന്നിദ്ധ്യമുണ്ടായാൽ ഇതിൽ കണ്ടെത്താൻ സാധിക്കും. പട്രോളിംഗിനായി വനപാലകരെ നിയോഗിച്ചു. പോത്തിന്റെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം മറവുചെയ്തു. സമീപം പന്നി ഫാം നടത്തുന്നവർ വളർത്തുന്ന പോത്തിനെയാണ്കൊന്നത്. മൂന്ന് പോത്തുകളെയാണ്ണ് റബർ തോട്ടത്തിൽ കെട്ടിയിരുന്നത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഗ്രേഡ് ഓഫീസർ എസ്. റജികുമാർ, ഡെപ്യൂട്ടി റേഞ്ച് ഗ്രേഡ് ഓഫീസർ ആർ. സുനിൽ കുമാർ, ബി.എഫ്.ഒമാരായ എം.എസ് ഷിനോജ്, ജെ.എസ് മുനീർ, വി. ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

അലറിക്കുതിച്ചെത്തി....

പത്തനംതിട്ട : അലറിക്കുതിച്ചുവരുന്ന കടുവയെ കണ്ട ടാപ്പിംഗ് തൊഴിലാളി സുമംഗലയ്ക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. പതിവില്ലാതെ മാനുകളും കാട്ടുപോത്തുകളും മലയുടെ മുകളിലേക്ക് കുതിക്കുന്നു. ഇതെന്താണ് സംഭവമെന്ന് നോക്കുമ്പോൾ കാണുന്നത് വലിയ ശബ്ദത്തോടെ കടുവ വനത്തിലേക്ക് ഓടി മറയുന്നതാണ്. നിന്നിടത്തുനിന്ന് അനങ്ങാനോ ശ്വാസംവിടാനോ സാധിച്ചില്ല. -സുംമംഗല പറയുന്നു കടുവ അലറുന്ന ശബ്ദം കേട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ മിണ്ടാതെ നിന്നു. അപ്പോഴാണ് തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പോത്ത് നിലത്ത് കിടക്കുന്നത് കണ്ടത്. പോത്തിന്റെ വായിൽ നിന്ന് പത വരുന്നത് കണ്ടു. പേ വിഷബാധയാണെന്നാണ് ആദ്യം തോന്നിയത്. പോത്തിന്റെ ശരീരത്തിലെ കുറച്ചുഭാഗം കടുവ കടിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരെയും വനംവകുപ്പിനെയും അറിയിച്ചു.

മരുമകൻ അനിലിനും ചെറുമകൻ അർജുനും ഒപ്പമാണ് സുമഗല ഇന്നലെ ടാപ്പിംഗിന് പോയത് . സാധാരണ രാവിലെ ആറരയ്ക്കാണ് ടാപ്പിംഗിനായി എത്തുക. ഇന്നലെ നേരത്തെയിറങ്ങി. കോടമലയിലെ റോഡിൽ ഓട്ടോറിക്ഷയിട്ടതിന് ശേഷം മുകളിലേക്ക് നടന്ന് കയറുകയാണ് പതിവ്. . ക്ലാസ് ഇല്ലാത്തതിനാലാണ് ചെറുമകൻ അർജുനും |ഒപ്പം ചേർന്നത്.

കാട്ടാനയുടെ ശല്യമുള്ള സ്ഥലമാണിത്. കൂട്ടമായെത്തി റബർ പിഴുത് കളയാറുണ്ട്.ആദ്യമായാണ് കടുവയുടെ സാന്നിദ്ധ്യം ഈ പ്രദേശത്ത് കണ്ടെത്തുന്നത്.

കാട്ടാന, കാട്ടുപന്നി, കടുവ..

റാന്നി : കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിന് പിന്നാലെ കടുവയും എത്തിയതോടെ മലയോരമേഖല ഭീതിയിലായി. വനമേഖലയോടു ചേർന്നുള്ള വടശേരിക്കര മുക്കുഴി കോടമലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. എന്നാൽ കടുവ എത്തിയത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. തോട്ടം മേഖലയാണ് ഇവിടം. പുലർച്ചെ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകാൻ തൊഴിലാളികൾക്ക് ഭയമാണ്. അടുത്ത പ്രദേശങ്ങളായ പെരുനാട് ളാഹ, പേഴുംപാറ, കുടമുരുട്ടി, കൊച്ചുകുളം എന്നിവിടങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. കുടമുരുട്ടി, കൊച്ചുകുളം മേഖലയിൽ മുമ്പ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. ചണ്ണ മേഖലയിൽ മുമ്പ് പശുവിനെ പുലി പിടിച്ചിരുന്നു.

Advertisement
Advertisement