അനിതയുടെ കൈകൾ ഇനി ഉസ്ബെക്ക് സ്വദേശിനിക്ക് കരുത്താകും

Thursday 22 September 2022 2:21 AM IST

18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച നാഗർകോവിൽ സ്വദേശി അനിതയുടെ (42) കൈകൾ ഇനി ഉസ്ബെക്കി​സ്ഥാൻ സ്വദേശി​നിക്ക് കരുത്താകം. ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട 45 വയസുകാരിക്ക് ഈ കൈകൾ തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്നലെ രാത്രി​ എട്ടുമണി​യോടെ ആരംഭി​ച്ചു. ഇത് പൂർത്തി​യാകാൻ 18 മണി​ക്കൂറോളം വേണ്ടി​വരും. കൈകളുമായെത്തി​യ ഹെലി​കോപ്ടർ 6.30നാണ് അമൃത കാമ്പസി​ലെ ഹെലി​പാഡിൽ ഇറങ്ങി​യത്. ഇന്നലെ ഉച്ചയ്ക്കേ ഉസ്ബെക്ക് സ്വദേശിനിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയാ നടപടികൾ തുടങ്ങിയിരുന്നു.

മൈക്രോ വാ‌സ്കുലാർ ആൻഡ് പ്ളാസ്റ്റിക് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഇരുപതോളം ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നത്. ഇതുവരെ അമൃതയി​ൽ 11 പേരി​ൽ അവയവദാനത്തി​ലൂടെ ലഭി​ച്ച കൈകൾ തുന്നി​ച്ചേർത്തി​ട്ടുണ്ട്. ഫി​സി​യോതെറാപ്പി​യും പി​ന്നാലെ വേണ്ടി​വരും. ചി​കി​ത്സ പൂർണമായാൽ കൈകൾ ഏതാണ്ട് സാധാരണ പോലെ തന്നെ ഉപയോഗി​ക്കാനാകും. അനിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് മരണാനന്തര അവയവദാനം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ അമൃത ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. കിംസ് ആശുപത്രിയിൽ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. വൈകിട്ട് 5 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കിയ സംഘം 5.30 ഓടെ കൊച്ചിയിലേക്ക് തിരിച്ചു.