ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണം; ഏജൻസികളെ ഉപയോഗിച്ച് നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്‌

Thursday 22 September 2022 9:04 AM IST

തിരുവനന്തപുരം: തങ്ങളുടെ ഓാഫീസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്ര ഏജൻസികൾ നടത്തുന്ന റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപ്പുലർ ഫ്രണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റെയ്ഡിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. പത്ത് സംസ്ഥാനങ്ങളിലെ പി എഫ് ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ ഐ എ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.

എ അബ്ദുൽ സത്താർ - സംസ്ഥാന ജനറൽ സെക്രട്ടറി