അയാളുടെ തൊണ്ട ഇടറിയപ്പോൾ എന്റെ കണ്ണ് നനഞ്ഞു, നന്ദി സഹോദരാ മുറിവേൽക്കുമെന്നറിഞ്ഞിട്ടും സത്യത്തെ ഉയർത്തിപ്പിടിച്ചതിന്; കുറിപ്പുമായി സനൽകുമാർ ശശിധരൻ

Thursday 22 September 2022 10:17 AM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കരുടെ ചിത്രം വച്ച സംഭവത്തിൽ ഐ എൻ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ കഴിഞ്ഞ ദിവസം പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലായിരുന്നു സവർക്കരുടെ ചിത്രം ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ സുരേഷ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

തെറ്റ് ഏറ്റുപറഞ്ഞ സുരേഷിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. സുരേഷിന്റെ തൊണ്ട ഇടറിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞെന്നും മുറിവേൽക്കുമെന്നറിഞ്ഞിട്ടും സത്യത്തെ ഉയർത്തിപ്പിടിച്ചതിന് നന്ദിയുണ്ടെന്നും സനൽകുമാർ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സത്യത്തേക്കാൾ മൂർച്ചയുള്ളതും മൃദുവായതുമായ ഒരായുധമില്ല. തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നതും അതിൽ ക്ഷമ പറയുന്നതും പോലെയുള്ള രാഷ്ട്രീയ സത്യസന്ധതകൾ അവസാനിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഒരാൾ ഹൃദയം നൊന്തുകൊണ്ട് കണ്ണുകൾ നിറഞ്ഞുകൊണ്ട് തനിക്ക് അശ്രദ്ധകൊണ്ട് പറ്റിപ്പോയ അബദ്ധത്തിൽ തന്റെ പ്രസ്ഥാനത്തിനുണ്ടായ അപകീർത്തിയിൽ മാപ്പ് പറയുന്നത്.

ഇതൊരു പുതിയ വെളിച്ചമാണ്. അയാൾക്ക് വേണമെങ്കിൽ നമ്മുടെ സർക്കാരുകളും പാർട്ടിക്കാരും ചെയ്യുന്നപോലെ ഗൂഗിളിന്റെയോ പ്രിന്റ്റിംഗ് മെഷീന്റെയോ കുറഞ്ഞപക്ഷം പ്രിന്റ് ചെയ്യുന്ന ചെക്കന്റെയോ ചുമലിൽ വെച്ച് കൈകഴുകാമായിരുന്നു. തനിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിക്കെതിരെ കൊടിപിടിക്കാമായിരുന്നു (എങ്കിൽ അയാളെ എതിർപാർട്ടിക്കാരും പത്ര മാഫിയകളും ഹീറോ ആക്കിയേനെ) പക്ഷെ അയാൾ അതൊന്നും ചെയ്തില്ല. അയാളുടെ തൊണ്ട ഇടറിയപ്പോൾ എന്റെ കണ്ണ് നനഞ്ഞു. അത് സത്യത്തിന്റെ മുനകൊണ്ട് ഹൃദയം മുറിഞ്ഞതുകൊണ്ടാണ്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദിനം പ്രതി വളരുന്നത് നിരത്തുകളിൽ മാത്രമല്ല ഹൃദയങ്ങളെയും അത് നിർമലീകരിക്കുന്നുണ്ട്. നന്ദി സഹോദരാ മുറിവേൽക്കുമെന്നറിഞ്ഞിട്ടും സത്യത്തെ ഉയർത്തിപ്പിടിച്ചതിന്. ഇങ്ങനെയും ആവാം എന്ന സന്ദേശം കുഞ്ഞുങ്ങൾക്ക് നൽകിയതിന്.