സംസ്ഥാനത്ത് നാളെ ഹർത്താൽ, ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

Thursday 22 September 2022 2:44 PM IST

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നേതാക്കളടക്കം നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികളുടെ (ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് ആരംഭിച്ചത്. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരുകളെപ്പോലും അറിയിക്കാതെയായിരുന്നു റെയ്ഡ്.നൂറിലധികം പേരെ അറസ്റ്റുചെയ്തുവെന്നാണ് റിപ്പോർട്ട്.

പി എഫ് ഐ ദേശീയ - സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ എഴുപത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പി എഫ് ഐ ദേശീയ ചെയർമാൻ ഒ എം എ സലാം അടക്കം പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തിയത്. സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പിടികൂടി. നിർണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്‌ഡിനെതിരെ വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻ ഐ എ അറിയിച്ചു.

Advertisement
Advertisement