ചില്ലറ വ്യാപാരികൾക്കും ഓൺലൈൻ വിൽപനസംവിധാനം വരുന്നു ശില്പശാല 27ന്
Friday 23 September 2022 1:21 PM IST
തിരുവനന്തപുരം: ആമസോൺ, ഫ്ളിപ്പ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് ഭീമൻമാരുടെ കടന്നുകയറ്റത്തിൽ വിഷമിക്കുന്ന ചില്ലറ വ്യാപാരികളെ സംരംക്ഷിക്കാൻ അവർക്കായി ഓൺലൈൻ ട്രേഡിംഗ് സംവിധാനമൊരുക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ജനറൽ സെക്രട്ടറി എസ്.എസ്.മനോജ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ശിൽപശാല തിരുവനന്തപുരം പി.എം.ജി.യിലെ ഹോട്ടൽ പ്രശാന്തിയിൽ 27ന് രാവിലെ പത്തിന് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിക്കും.
ജനറൽ ട്രേഡിംഗ് സംവിധാനത്തിൽ നിന്നും മോഡേൺ ട്രേഡിംഗിലേക്ക് മാറുവാനും കുത്തകകളുടെ അനിയന്ത്രിതമായ അധിനിവേശത്തെ ചെറുക്കുവാനും രാജ്യത്തെ ഓരോ വ്യാപാരിയേയും വിതരണക്കാരനെയും സജ്ജമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി എസ്.എസ്.മനോജ് പറഞ്ഞു.