കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ നാളെ

Friday 23 September 2022 1:49 PM IST
കേബി​ൾ ടി​വി​

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 ാമത് സംരംഭക കൺവെൻഷൻ നാളെ എറണാകുളം ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളവിഷൻ ന്യൂസ് ചാനലിന്റെ റീ ലോഞ്ചിംഗും സി.ഒ.എ യുടെ പുതിയ സംരംഭമായി കേരളവിഷൻ മൊബൈൽ ഫോൺ സർവീസ്, ബ്രോഡ് ബാൻഡ് ഹെൽപ് ഡെസ്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്ട് വെയ‌ർ എന്നിവയുടെ ലോഞ്ചിംഗും കൺ​വെൻഷനി​ൽ നടക്കും. രാവിലെ 10ന് ജോൺ ബ്രിട്ടാസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഒ.എ പ്രസിഡന്റ് അബൂബക്കർ സിദ്ദിക്ക് അദ്ധ്യക്ഷത വഹിക്കും. സഫാരി ടി.വി. എം.ഡി. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതി​ഥിയാകും. കേരളവിഷൻ ന്യൂസ് ചാനലിന്റെ റീ ലോഞ്ചിംഗ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിക്കും. വൈകി​ട്ട് മൂന്നി​ന് നടക്കുന്ന സമ്മേളനത്തിൽ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ മക്കളി​ൽ വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ ഉന്നതവിജയം നേടിയവർക്ക് എൻ.എച്ച്. അൻവർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങളും മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സി.ഒ.എ യുടെ മറ്റ് ടെലിവിഷൻ അവാർഡുകളും വിതരണം ചെയ്യും. മാദ്ധ്യമരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം ബൈജു ചന്ദ്രന് എ.എം. ആരിഫ് എം.പി നൽകും. വാർത്താസമ്മേളനത്തിൽ സി.ഒ.എ മുൻ ജനറൽ സെക്രട്ടറി കെ. ഗോവിന്ദൻ, സി.ഒ.എ ട്രഷറർ പി.എസ്. സിബി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്. രജനീഷ്, കെ.സി.സി.എൽ പി.പി. സുരേഷ് കുമാർ എന്നി​വർ പങ്കെടുത്തു.