എൻ.ഐ.എ റെയ്ഡ്, മലപ്പുറത്തു നിന്ന് കസ്റ്റഡിയിൽ എടുത്തവരിൽ ദേശീയ നേതാക്കളും

Friday 23 September 2022 12:47 AM IST

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ,​ രണ്ട് ദേശീയ ജനറൽ സെക്രട്ടറിമാർ,​ സംസ്ഥാന പ്രസിഡന്റ്,​ സംസ്ഥാന സെക്രട്ടറി എന്നിവരടക്കം 14 പേരെയാണ് മലപ്പുറത്ത് വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിനെത്തുടർന്ന് എൻ.ഐ.എ,​ ഇ.ഡി സംഘം ചോദ്യം ചെയ്യാനായി ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ ചിലരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

ദേശീയ ചെയർമാൻ ഒ.എം.എ സലാമിനെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽ നിന്നും ദേശീയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരത്തെ വാഴക്കാട് എളമരത്തെ വീട്ടിൽനിന്നും സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ തിരുനാവായ എടക്കുളത്തുനിന്നും സംസ്ഥാന സെക്രട്ടറി മുഹമ്മദലിയെ വളാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ഉൾപ്പെടെ മറ്റുചിലരെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇവരിൽ പലരും സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. റെയ്ഡിൽ പ്രതിഷേധിച്ച പ്രവർത്തകർ നാലിടത്ത് റോഡ് ഉപരോധിച്ചു.

പത്തനംതിട്ടയിൽ

ജില്ലാ സെക്രട്ടറി

പത്തനംതിട്ട ജില്ലാ സെക്രട്ടറി മുഹമ്മദ് സാദിഖിനെ മുണ്ടുകോട്ടയ്ക്കൽ കൊന്നമൂട്ടിലെ വീട്ടിൽ പുലർച്ചെ 3.40ന് നടത്തിയ പരിശോധനയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയശേഷവും തുടർന്ന റെയ്ഡ് 9.40നാണ് അവസാനിച്ചത്.

രണ്ട് ലാപ് ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, സി.ഡി, പെൻഡ്രൈവ്, ബാങ്ക് രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഉറങ്ങിക്കിടന്ന എട്ടും അഞ്ചും മൂന്നും വയസുള്ള കുട്ടികളെ റെയ്ഡിനെത്തിയവർ എടുത്തുയർത്തി മാറ്റിയതായി സാദിഖിന്റെ ഭാര്യ ഫസീന തക്ബീർ ആരോപിച്ചു.

തൃശൂരിൽ നിന്ന്

രണ്ടുപേർ

തൃശൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാനെ കേച്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന സമിതി അംഗമായ യഹിയ തങ്ങളെ പെരുമ്പിലാവിലെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട്ടെ ജില്ലാ ഓഫീസിലും റെയ്ഡ് നടന്നു. പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. കേച്ചേരിയിൽ വാഹനങ്ങൾ തടഞ്ഞു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ യഹിയ തങ്ങൾ ഇപ്പോൾ ജാമ്യത്തിലാണ്.

കാസർകോട്ട് ജില്ലാ പ്രസിഡന്റ്

കണ്ണൂർ താണയിലെയും കാസർകോട് വിദ്യാനഗറിലെയും ജില്ലാകമ്മിറ്റി ഓഫീസുകളിൽ പരിശോധന നടന്നു. കാസർകോട് ജില്ലാ പ്രസിഡന്റ് ടി.സുലൈമാനെ കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്ന് ട്രെയിനിൽ പയ്യന്നൂരിൽ ഇറങ്ങി തൊട്ടടുത്ത സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുലൈമാൻ കസ്റ്റഡിയിലായത്. തൃക്കരിപ്പൂർ മെട്ടമ്മലിലെ ഇയാളുടെ വീട്ടിൽ പുലർച്ചെ മൂന്നരയോടെ എൻ.ഐ.എ സംഘം എത്തിയെങ്കിലും സ്ത്രീകൾ മാത്രമുണ്ടായിരുന്നതിനാൽ പുലർന്ന ശേഷമാണ് വീട് തുറന്നുകൊടുത്തത്.

കോട്ടയത്ത് അച്ഛനും

മകനുമടക്കം 3 പേർ

കോട്ടയത്ത് മുണ്ടക്കയത്തുനിന്നും പെരുവന്താനത്തുനിന്നും അച്ഛനും മകനും ഉൾപ്പെടെ മൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു. ജില്ലാകമ്മിറ്റിയംഗം വണ്ടൻപതാൽ നെടുമ്പച്ചയിൽ നജ്മുദ്ദീൻ (46), പെരുവന്താനം താവളത്തിൽ ഇടുക്കി ജില്ലാസെക്രട്ടറി സൈനുദ്ദീൻ (54), മകൻ മുഹമ്മദ് യാസീൻ (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്ട് ദേശീയ

കമ്മിറ്റിയംഗവും മുൻ ചെയർമാനും

കോഴിക്കോട്ട് ദേശീയ കമ്മിറ്റിയംഗം പ്രൊഫ.പി.കോയയെ കാരന്തൂരിലെ വീട്ടിൽ നിന്നും മുൻ ചെയർമാൻ ഇ.അബൂബക്കറെ കൊടുവള്ളിയിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. പോപ്പുലർഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസായ മീഞ്ചന്തയിലെ യൂണിറ്റി ഹൗസിൽ നിന്ന് ഹാർഡ് ഡിസ്‌ക്കും ലഘുലേഖകളും മാഗസിനുകളും പിടിച്ചെടുത്തു.