പാലക്കാട് - കുളപ്പുള്ളി പാത: 360 തെരുവുവിളക്കുകൾ മിഴിതുറക്കാൻ ഇനിയും കാത്തിരിക്കണം

Thursday 22 September 2022 10:31 PM IST

ഒറ്റപ്പാലം: സ്ഥാപിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും നാളിതുവരെയായി ഒരിക്കൽപോലും പ്രകാശിക്കാത്ത പാലക്കാട് - കുളപ്പുള്ളി പാതയിലെ 360 തെരുവുവിളക്കുകൾ മിഴി തുറക്കാൻ ഇനിയും വൈകും. നേരത്തേ പദ്ധതിരേഖ സമർപ്പിക്കാൻ നിയോഗിച്ചിരുന്ന പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെ ഇതിൽ നിന്ന് മാറ്റി. പാലക്കാട് - കുളപ്പുള്ളി പാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളെല്ലാം കൂടിച്ചേർന്ന് പദ്ധതിരേഖ തയ്യാറാക്കാനാണ് തീരുമാനം.

പാലക്കാട് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ മുതൽ കുളപ്പുള്ളിവരെ 45 കിലോമീറ്റർ ദൂരമുള്ള പാതയിൽ 360 തെരുവ് വിളക്കുകളാണുള്ളത്.

തർക്കം ഇരുട്ടിലാക്കിയത് 11 വർഷത്തിലേറെ കാലം

പാതയുടെ നിർമ്മാണത്തിനൊപ്പം സ്ഥാപിക്കപ്പെട്ട വിളക്കുകളുടെ പരിപാലനവും വൈദ്യുതി ബില്ലും ആര് വഹിക്കുമെന്ന തർക്കത്തെ തുടർന്നാണ് കഴിഞ്ഞ 11 വർഷത്തിലേറെയായി വിളക്കുകൾ പ്രവർത്തിക്കാതിരുന്നത്. പാതയിൽ അപകടങ്ങൾ കൂടുതലാണ്. അതിലേറെയും നടക്കുന്നത് രാത്രികാലങ്ങളിലാണെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. മിക്ക അപകടങ്ങൾക്കും കാരണം റോഡിൽ വെളിച്ചമില്ലെന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് റോഡുസുരക്ഷാ കൗൺസിൽ പരിശോധിക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കയും ചെയ്യുകയായിരുന്നു.

അന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധനയും നടത്തി. തുടർന്ന്, പദ്ധതിരേഖ തയ്യാറാക്കാനും പൊതുമരാമത്ത് വകുപ്പിനോട് റോഡ് സുരക്ഷാ അതോറിറ്റി നിർദേശിച്ചു.

എന്നാൽ, ഇത്രയും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ ഒരുകോടിയിലേറെ രൂപ ചെലവുവരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന് പകരം തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം നടപ്പാക്കാൻ തീരുമാനിച്ചത്.

തെരുവുവിളക്കുകളുടെ പരിപാലനച്ചെലവിന്റെ പേരിൽ വിവിധ വകുപ്പുകൾ തർക്കിച്ചുപിരിഞ്ഞ് ഇല്ലാതായ പദ്ധതിയാണ് വീണ്ടും എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ചെയ്യാൻ നിർദേശിക്കുന്നത്.

  • പാലക്കാട് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ മുതൽ കുളപ്പുള്ളിവരെ ദൂരം- 45 കിലോമീറ്റർ പാതയിൽ ഉള്ള തെരുവ് വിളക്കുകളുടെ എണ്ണം- 360
Advertisement
Advertisement