ട്രാൻ. ബസിടിച്ച് ഡി.സി.സി ജനറൽ സെക്രട്ടറിക്ക് ദാരുണാന്ത്യം

Friday 23 September 2022 12:46 AM IST
ആനന്ദപ്പള്ളി സുരേന്ദ്രൻ

 രക്തംവാർന്ന് പത്തുമിനിറ്റോളം റോഡിൽകിടന്നു

 ആശുപത്രിയിൽ എത്തിച്ചത് മറ്റൊരു ട്രാൻ. ബസ്

അടൂർ: ഭാര്യാ സഹോദരിയുടെ മകളെ സ്കൂളിലേക്ക് ബസ് കയറ്റിവിടാൻ നടന്നുവരവേ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഡി.സി.സി ജനറൽ സെക്രട്ടറിക്ക് ദാരുണാന്ത്യം.

അടൂർ നഗരസഭ മുൻ കൗൺസിലറും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രനാണ് (56) മരിച്ചത്. ബസ് നിറുത്താതെ പോയി.

രക്തംവാർന്ന് പത്തുമിനിറ്റോളം റോഡിൽകിടന്ന സുരേന്ദ്രനെ അതുവഴിവന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് നിറുത്തി ജീവനക്കാരും യാത്രക്കാരും ചേർന്ന് അതിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ആറേമുക്കാലോടെ ആനന്ദപ്പള്ളി ജംഗ്ഷനു സമീപം എസ്.ബി.ഐ ബാങ്കിന് മുന്നിലെ വളവിലായിരുന്നു അപകടം.

അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥി അജല സുകുവിനെ ബസ് കയറ്റിവിടാൻ നടന്നുവരികയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ അമിത വേഗത്തിൽ വരുന്നതുകണ്ട് കുട്ടിയെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ഇടിച്ചിട്ടു. തെറിച്ചുവീണ സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന വാഹനയാത്രക്കാരോട് കുട്ടി അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ല. പിന്നീടാണ് കൊല്ലത്തേക്കുവന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് നിറുത്തി അതിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ നിലവിളി കേട്ടാണ് ഡ്രൈവർ ബസ് നിറുത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പത്തനംതിട്ട ഡി.സി.സി ഒാഫീസിൽ പൊതുദർശനത്തിനുവച്ചശഷം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ 10ന് അടൂർ നഗരസഭാ കാര്യാലയത്തിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ജ്യോതി സുരേന്ദ്രനാണ് ഭാര്യ. മക്കൾ: അനന്ദു സുരേന്ദ്രൻ, അഞ്ജലി സുരേന്ദ്രൻ.