മലയാളികൾ ഉൾപ്പടെ 90 ഇന്ത്യക്കാർ മ്യാൻമാറിൽ ക്രിമിനൽ സംഘത്തിന്റെ പിടിയിൽ

Friday 23 September 2022 1:13 AM IST

 രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് പ്രേമചന്ദ്രൻ

 രണ്ട് കൊല്ലം സ്വദേശികളും സംഘത്തിന്റെ പിടിയിൽ


കൊല്ലം: മലയാളികൾ ഉൾപ്പെടെ 90 ഇന്ത്യക്കാർ മ്യാൻമാറിൽ ക്രിമിനൽ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടു. ഇവരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും, മ്യാൻമാർ യാൻഗോൺ ഇന്ത്യ അംബാസഡർ വിനയകുമാറിന് കത്ത് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നേരത്തെ പിടിയിലായ 30 പേരെ ഇതിനകം മോചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘത്തിന്റെ പിടിയിലുള്ളവരിൽ രണ്ട് കൊല്ലം സ്വദേശികളും ഉൾപ്പെടുന്നു.

തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ തായ്‌ലൻഡിൽ എത്തിച്ച് അവിടെ നിന്ന് മ്യാൻമാറിലേയ്ക്ക് കടത്തുകയായിരുന്നു. ഇവരെ മ്യാൻമാറിന് സമീപമുളള മ്യാവാടിയിൽ പാർപ്പിച്ചിരിക്കുന്നതായാണ് വിവരം. ഈ പ്രദേശം പൂർണ്ണമായും മ്യാൻമാർ സർക്കാരിന്റെ നിയന്ത്രണത്തിലല്ല. വർഗ്ഗപരമായി ആയുധധാരികളായ ഒരു സംഘത്തിന്റെ നിയന്ത്രണത്തിലാണ് ഇവിടം.

തട്ടിപ്പ് സംഘത്തിന്റെ പിടിയിലുള്ള എല്ലാവരെയും മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് യാൻഗേൺ ഇന്ത്യൻ അംബാസഡർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചിട്ടുണ്ട്.

ഐ.ടി തട്ടിപ്പിന് ഭീഷണിപ്പെടുത്തുന്നു


ഐ.ടി മേഖലയിൽ മുന്തിയ ശമ്പളം വാഗ്ദാനം ചെയ്ത് മോഹിപ്പിച്ചാണ് കൊല്ലം സ്വദേശികളെ തട്ടിപ്പ് സംഘം വലയിലാക്കിയത്. ഇവരെ ദുബായ് വഴി തായ്ലൻഡിൽ എത്തിച്ച ശേഷമാണ് മ്യാൻമാറിലേക്ക് കടത്തിയത്. പിടിയിലുള്ളവരെ തങ്ങളുടെ അറിവുകൾ ഉപയോഗിച്ച് ഐ.ടി തട്ടിപ്പുകൾ നടത്തി പണം സമ്പാദിച്ച് നൽകാൻ ഭീഷണിപ്പെടുത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വീട്ടുകാരുമായി വല്ലപ്പോഴും ബന്ധപ്പെടാൻ അനുവദിക്കുന്നുണ്ട്. ഇവരുടെ പിടിയിലുള്ള ഒരു കൊല്ലം സ്വദേശിയുടെ ബന്ധുക്കളോട് സംഘം പണം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement