'മിന്നൽ ഹർത്താൽ അനുവദിക്കില്ല, ജനങ്ങളെ ബന്ദിയാക്കാൻ പാടില്ല'; പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Friday 23 September 2022 11:13 AM IST

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഇന്നലെ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപകമായി അക്രമങ്ങൾ തുടരവെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മിന്നൽ ഹർത്താൽ പറ്റില്ലെന്നും ജനങ്ങളെ ബന്ദികളാക്കാൻ അനുവദിക്കില്ലെന്നും വിഷയം അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർത്താലിൽ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ഉരുക്കുമുഷ്‌ടി പ്രയോഗിക്കാം. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഹ‌ർത്താൽ അക്രമങ്ങളിൽ കർശനമായ നടപടിയെടുക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർത്താൽ നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ആക്രമണം തുടരുകയാണ്.കോട്ടയത്ത് സംക്രാന്തിയിൽ ലോട്ടറികട ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു. കട തുറന്നതിനെ ചോദ്യം ചെയ്‌തായിരുന്നു അക്രമം.

തലസ്ഥാനത്ത് പൊലീസ് അകമ്പടിയോടെ സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. മണക്കാട് വച്ചാണ് പൂവാറിലേക്ക് പോകുകയായിരുന്ന ബസിലേക്ക് കല്ലെറിഞ്ഞത്. കണ്ണൂർ ജില്ലയിലും കോട്ടയത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വ്യാപക ആക്രമണമാണ് നടത്തിയത്. കണ്ണൂരിൽ രണ്ട് സ്‌കൂട്ടറുകളിലായി പെട്രോൾബോംബുമായി കറങ്ങിയ അ‍‍ഞ്ചുപേരിൽ ഒരാളെ പൊലീസ് പിടികൂടി.

കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ സമരാനുകൂലികൾ ബൈക്കിടിച്ച് വീഴ്ത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. പ്രദേശത്തെ നൂറോളം പേരെ കരുതൽ തടങ്കലിലാക്കി. കണ്ണൂരിൽ ട്രാവലർ അടിച്ചുതകർത്തു.