പയ്യന്നൂരിൽ കടയടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടി പൊതിരെ തല്ലി നാട്ടുകാർ, കല്യാശേരിയിൽ ബോംബുമായെത്തിയ ഹർത്താൽ അനുകൂലികൾ ഓടി രക്ഷപ്പെട്ടു

Friday 23 September 2022 2:02 PM IST

കണ്ണൂ‌ർ: ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വ്യാപക അക്രമം അരങ്ങേറിയ കണ്ണൂർ ജില്ലയിൽ ഹർത്താൽ അനുകൂലികളെ ജനം നേരിട്ടുതുടങ്ങി. കടകൾ അടപ്പിക്കാൻ ശ്രമിച്ച് ഭീഷണിപ്പെടുത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പയ്യന്നൂരിൽ നാട്ടുകാർ പിടികൂടി മർദ്ദിച്ചു. തൃക്കരിപ്പൂർ സ്വദേശി മുബഷീ‌‌ർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശി കളായ ഷുഹൈബ്, ന‌ർഷാദ് എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

നേരത്തെ കല്യാശേരിയിൽ പെട്രോൾ ബോംബുമായി രണ്ട് ഇരുചക്ര വാഹനങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ അഞ്ചുപേരെ നാട്ടുകാർ തടഞ്ഞു. ഇവരിൽ ഒരാൾ പൊലീസ് പിടിയിലായി. മറ്റ് നാലുപേർ ഓടിരക്ഷപ്പെട്ടു. കല്യാശേരി-മാങ്ങാട് റോഡിലാണ് സംഭവം. ഇതിനിടെ മട്ടന്നൂരിൽ ആർഎസ്‌എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായി. സംഭവശേഷം ഇവിടെ കനത്ത പൊലീസ് സുരക്ഷയുണ്ട്.

മിന്നൽ ഹർത്താൽ അനുവദിക്കില്ലെന്നും ജനങ്ങളെ ബന്ദികളാക്കാൻ പറ്റില്ലെന്നും അക്രമത്തെ ഉരുക്കുമുഷ്‌‌ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോടതി സ്വമേധയാ കേസെടുത്തു. രാവിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 83 പിഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസ്.