പണ്ട് ഷാർജയിൽ ഓസ്‌ട്രേലിയയെ നേരിട്ട അതേ കൂറ്റനടികളുമായി സച്ചിൻ; ആവേശഭരിതരായി ആരാധകർ, ടി20 ലോകകപ്പിന് ടീമിലെടുക്കണമെന്ന് ആവശ്യം

Friday 23 September 2022 3:12 PM IST

ഡെറാഡൂൺ: റോഡ് സേഫ്‌റ്റി സീരീസ് ടി20 മത്സരത്തിൽ ഇംഗ്ളണ്ട് ലെജൻഡ്‌സിനെതിരെ ഇന്ത്യൻ ലെജൻഡ്സ് നായകനായ സച്ചിൻ ടെൻഡുൾക്കറുടെ ബാറ്റിംഗ് പ്രകടനം കണ്ട് ആവേശത്തിൽ ആരാധകർ. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലുള‌ള ടീമിൽ സച്ചിനെ ഉൾപ്പെടുത്തണം എന്നാണ് ചില ആരാധകരുടെ ആവശ്യം. 24 വർഷം മുൻപ് 1998ൽ ഷാർജയിൽ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിൻ കളിച്ച സെഞ്ചുറി ഇന്നിംഗ്സിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു സച്ചിന്റെ പ്രകടനം. വെറും 20 പന്തിൽ നിന്നും മൂന്ന് സിക്‌സും ഫോറുമടക്കം 40 റൺസാണ് സച്ചിൻ നേടിയത്.

സച്ചിൻ കളിച്ച പല ഷോട്ടുകളും രണ്ടര പതിറ്റാണ്ട് മുൻപ് കളിച്ചവയിൽ നിന്നും അൽപം പോലും മാറ്റമില്ലാത്തത്ര മികച്ചവയായിരുന്നു. 1998ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിൻ പറത്തിയ ഒരു സിക്‌സിൽ നിന്നും കടുകിട പോലും മാറ്റമില്ലാതെ ഒരു ഷോട്ട് കഴിഞ്ഞ ദിവസം ഇംഗ്ളണ്ട് ലെജൻ‌ഡ്‌സിനെതിരെ സച്ചിൻ കളിച്ചിരുന്നു.

മഴ മൂലം 15 ഓവറായി ചുരുക്കേണ്ടി വന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ലെജൻഡ്‌സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 130 റൺസ് നേടാനേ കഴിഞ്ഞുളളു.