സി പി എമ്മിലെ ആസ്ഥാന വിദൂഷകന്റെ മണ്ടത്തരത്തിന് കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട, ജിതിനെ സംരക്ഷിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം : സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടുകളുടെ മെക്കിട്ട് കേറാൻ നോക്കേണ്ടെന്നും കെ, സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിറുത്തിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാാണെന്നും സുധാകരൻ പരിഹസിച്ചു.
കെ. സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ''യൂ ടേൺ 'അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.
സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക.
ജിതിനെ പാർട്ടി സംരക്ഷിക്കും.
കെ.സുധാകരൻ