@ കെട്ടിട നമ്പർ തട്ടിപ്പിൽ വാക്പോര് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷം; ഇല്ലെന്ന് ഭരണപക്ഷം

Saturday 24 September 2022 12:02 AM IST
കോർപ്പറേഷൻ

കോഴിക്കോട് : കെട്ടിടനമ്പർ തട്ടിപ്പ് കേസിൽ തട്ടി കോർപ്പറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ വാക്പോര്. അന്വേഷണ നിലച്ചതായി പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോൾ ഇല്ലെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം ഉൾപ്പെടെ പൊലീസിന്റെ ആഭ്യന്തര കാര്യമാണെന്നും ആവശ്യമെങ്കിൽ വീണ്ടും ഇടപെടുമെന്നും ഭരണ പക്ഷം നിലപാടുറപ്പിച്ചു. കെട്ടിടനമ്പർ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിലാണ് മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം നടന്നത്. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും അന്വേഷണം നടത്തേണ്ട ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇതുവരെ ചുമതലയേറ്റിട്ടില്ലെന്നും ശോഭിത പറഞ്ഞു. ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് ബി.ജെ.പി കൗൺസിലർ ടി.രനീഷും ആരോപിച്ചു. സസ്‌പെൻഷൻ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൗൺസിലിനെ അറിയിക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞതിന്റെ അടുത്ത ദിവസം സസ്പെൻഷൻ പിൻവലിച്ചെന്ന് രനീഷ് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന പല കേസുകളിൽ ഒന്നാണിതെന്നും പോരായ്മയുണ്ടായാൽ ഇടപെടുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.

പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഫണ്ട് നൽകുന്നതിൽ അപാകതയുണ്ടെന്ന് സി.എസ്.സത്യഭാമ ശ്രദ്ധക്ഷണിച്ചു. മനപൂർവം വൈകുന്ന സാഹചര്യം ഇല്ലെന്നും അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്നും മേയർ പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് പ്രചാരണം നടത്തുകയും പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കുന്നതും ശരിയല്ലെന്ന ടി. രനീഷിന്റെ ആരോപണം ബഹളത്തിനിടയാക്കി. മാങ്കാവ് ഹെൽത്ത് സെന്ററിൽ സ്ഥിരം ഡോക്ടർ വേണമെന്ന് ഓമന മധു ശ്രദ്ധ ക്ഷണിച്ചു. പി.സി.രാജൻ, പി.ദിവാകരൻ, നവ്യ ഹരിദാസ്, എൻ.സി. മോയിൻകുട്ടി, കെ.കൃഷ്ണകുമാരി, അൽഫോൺസ മാത്യു, കെ. മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, നിർമ്മല, കെ.റംലത്ത്, സി.എം.ജംഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement