അയ്യമ്പിള്ളി ആശുപത്രി ഇനി കുടുംബാരോഗ്യകേന്ദ്രം
Saturday 24 September 2022 12:06 AM IST
വൈപ്പിൻ: അയ്യമ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്ര പദവിയിലേക്ക്. 29ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
ആർദ്രം പദ്ധതിയുടെ ഭാഗമായി 15.5 ലക്ഷം രൂപ ചെലവിലാണ് കുടുംബാരോഗ്യകേന്ദ്രത്തിനുവേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തിയത്. എൻ.എച്ച്.എമ്മിന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ ആണ് നിർമാണ ചുമതല ഏറ്റെടുത്തത്.
പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയ്ക്കാണ് ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തോടെ അവസരമൊരുങ്ങുന്നതെന്ന് എം.എൽ.എ. പറഞ്ഞു. വിപുലീകരിച്ച ഒ.പി, പ്രീ ചെക്കപ്പ് റൂം, വിശ്രമ സൗകര്യം, കുത്തിവയ്പ്പ് മുറി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. രോഗി, ശിശു സൗഹൃദമെന്നതാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഏറ്റവും മികച്ച സവിശേഷത.