കൊവിഡ്കാല യാത്രാസുരക്ഷ: സിയാലിന് ആഗോള അംഗീകാരം
നെടുമ്പാശേരി: കൊവിഡിൽ യാത്രക്കാർക്ക് സുരക്ഷിത യാത്രാസൗകര്യങ്ങൾ ഒരുക്കിയ മികവിന് കൊച്ചി വിമാനത്താവളം രാജ്യാന്തര ബഹുമതി സ്വന്തമാക്കി. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി (എ.എസ്.ക്യു) പുരസ്‌കാരമാണ് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) നേടിയത്.
സിയാലിന്റെ 'മിഷൻ സേഫ്‌ഗാർഡിംഗ് " പദ്ധതിക്കാണ് പുരസ്കാരം. ആഗോള വ്യോമയാന മേഖലയിൽ വിമാനത്താവള കമ്പനികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എ.എസ്.ക്യു അവാർഡ്. 2021- 22ലാണ് 'മിഷൻ സേഫ്‌ഗാർഡിംഗ് " പദ്ധതി സിയാൽ നടപ്പാക്കിയത്. പ്രതിവർഷം 5 -15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് സിയാൽ.
പോളണ്ടിലെ ക്രാക്കോവിൽ നടന്ന ഗ്ലോബൽ സമ്മിറ്റിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയി ഫിലിപ്പ് ഡി. ഒലിവേരയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. യാത്രക്കാർക്കിടയിൽ നടത്തിയ എ.എസ്.ക്യൂ ഗ്ലോബൽ എയർപോർട്ട് സർവേ വഴിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. എയർപോർട്ട് ഡയറക്ടർ സി.ദിനേശ്‌കുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ സജി കെ.ജോർജ്, ജനറൽ മാനേജർമാരായ ടി.ഐ.ബിനി, ജോസഫ് പീറ്റർ എന്നിവരും പങ്കെടുത്തു.
''കൊവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്നുള്ള തിരിച്ചുവരവിനായി സിയാൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ആഗോള ശ്രദ്ധനേടിയതിൽ സന്തോഷമുണ്ട്""
എസ്. സുഹാസ്,
മാനേജിംഗ് ഡയറക്‌ടർ,
സിയാൽ