പ്ളാറ്റിനമെന്ന പേരിലും സ്വർണക്കടത്ത് വ്യാപകം

Saturday 24 September 2022 3:51 AM IST

കോഴിക്കോട്: പ്ളാറ്റിനം ലോഹക്കൂട്ടുകളെന്ന പേരിൽ വ്യാപകമായി സ്വർണക്കടത്ത് നടത്തുന്നതായി കസ്‌റ്റംസിന് സൂചന. ഈ പശ്ചാത്തലത്തിൽ അമൂല്യലോഹങ്ങളുടെ ഇറക്കുമതിച്ചട്ടങ്ങളിൽ മാറ്റംവരുത്താൻ കസ്‌റ്റംസ് നീക്കംനടത്തുന്നതായും അറിയുന്നു.

അമൂല്യലോഹങ്ങളുടെ ഇറക്കുമതിച്ചട്ടത്തിലെ അവ്യക്തതയാണ് കള്ളക്കടത്തുകാർ മുതലെടുക്കുന്നത്. ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വർണം ഉൾപ്പെടുത്തിയും നാലുശതമാനം മാത്രം പ്ളാറ്റിനവും ചേർത്ത് പ്ളാറ്റിനം ലോഹക്കൂട്ട് എന്നപേരിലാണ് ഇറക്കുമതി തട്ടിപ്പ്. സ്വർണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. പ്ളാറ്റിനം ലോഹക്കൂട്ടിന് 10.75 ശതമാനം മാത്രം.

പ്ളാറ്റിനമെന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന സ്വർണം പിന്നീട് സ്വർണാഭരണങ്ങളാക്കി മാറ്റും. ഇതുവഴി വലിയലാഭമാണ് തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നത്. നിയമപ്രകാരം ഏതെങ്കിലും ലോഹത്തിന്റെ രണ്ടുശതമാനത്തിനുമേൽ പ്ളാറ്റിനം അടങ്ങിയാൽ അത് പ്ളാറ്റിനം ലോഹക്കൂട്ടായാണ് കണക്കാക്കുക. ഈ പഴുതാണ് നികുതിവെട്ടിച്ച്

സ്വർണം ഇറക്കുമതി ചെയ്യാൻ തട്ടിപ്പ് സംഘങ്ങൾ മുതലെടുക്കുന്നത്.

കുറയ്ക്കണം സ്വർണനികുതി

സ്വർണത്തേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവയാണ് മറ്റ് അമൂല്യലോഹങ്ങൾക്കുള്ളത്. ഇതാണ് നികുതിവെട്ടിപ്പുകാരും തട്ടിപ്പ് സംഘങ്ങളും മുതലെടുക്കുന്നത്. സ്വർ‌ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുക മാത്രമാണ് നികുതിവെട്ടിപ്പും കള്ളക്കടത്തും തടയാൻ ഏകവഴിയെന്ന് ജുവലറി രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഇറക്കുമതി തീരുവ

 സ്വർണം : 15%

 പ്ളാറ്റിനം : 10.75%