കെ.എസ്.ആർ.ടി.സിക്ക് 103 കോടി നൽകുന്നത് എതിർത്തത് എന്തിന്​

Saturday 24 September 2022 12:42 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പള കുടിശികയ്ക്കും ഓണബോണസിനും സർക്കാർ 103 കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ പോയതെന്തിനെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിക്കണമെന്ന് ഹൈക്കോടതി.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

സർക്കാരിന്റെ അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേചെയ്ത ഡിവിഷൻബെഞ്ച് തുകയുടെ മൂന്നിലൊന്ന് പണമായും ബാക്കി സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണുകളായും നൽകാൻ നിർദ്ദേശിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ശമ്പളം നൽകാൻ ബാദ്ധ്യത ഇല്ലെന്നും സഹായമായി 50കോടി രൂപയേ നൽകാനാവൂ എന്നും സർക്കാർ വിശദീകരിച്ചതിനെത്തുടർന്നാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവുണ്ടായത്. ഉത്തരവ് വന്ന് ദിവസങ്ങൾക്കു ശേഷം ശമ്പളകുടിശികയും ഓണബോണസും നൽകാൻ സർക്കാർ 103കോടി രൂപ അനുവദിച്ചു. ഇത് കണക്കിലെടുത്താണ് അപ്പീൽ സാഹചര്യം സർക്കാർ വിശദീകരിക്കാൻ നിർദ്ദേശിച്ചത്.

Advertisement
Advertisement