ബുള്ളറ്റ്, 25 ലക്ഷം രൂപ, ഓട്ടോറിക്ഷ ഇങ്ങനെപോകുന്നു ആവശ്യങ്ങൾ, ഫോണെടുത്താൽ കേൾക്കുന്നത് നിലവിളി; ഒറ്റക്കാരണം കൊണ്ടാണ് നമ്പർ മാറ്റാത്തതെന്ന് അനൂപ്

Saturday 24 September 2022 10:03 AM IST

തിരുവനന്തപുരം: 18ന് ഓണം ബമ്പർ 25 കോടിയിലൂടെ വീട്ടിലേക്ക് ഭാഗ്യദേവത പടികടന്നെത്തിയെങ്കിലും ശ്രീവരാഹം മുടുമ്പിൽ വീട്ടിൽ അനൂപ് ഇപ്പോൾ ദുഃഖിതനാണ്. സഹായം ചോദിച്ച് വീട്ടിലെത്തുന്നവരെയും ഫോണിൽ വിളിക്കുന്നവരെയും കൊണ്ട് പൊറുതിമുട്ടി. മറുപടി പറഞ്ഞ് മടുത്തു. സമ്മാനത്തുക ഇതുവരെ കിട്ടിയില്ല. അക്കാര്യം പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.

അമ്മ അംബിക മറ്റൊരു ബന്ധുവിനൊപ്പമാണ്. ഭാര്യ മായയും മകൻ അദ്വൈതും മാതാപിതാക്കൾക്കൊപ്പവും. അവിടെയും ആളുകൾ എത്തുന്നുണ്ട്. രണ്ടര വയസുള്ള മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പറ്റുന്നില്ല. സഹായം ചോദിച്ച് അവിടെയും ആളെത്തും. ഇതിലും ഭേദം ഓണം ബമ്പർ അടിക്കാതിരിക്കുന്നതായിരുന്നു അനൂപിന്റെ തൊണ്ടയിടറുന്നു.

ഇടതടവില്ലാതെ ഫോൺ റിംഗ് ചെയ്യുമ്പോൾ എത്രനേരം എടുക്കാതിരിക്കും... വിളി കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നാവും. ഫോണെടുത്താൽ ദുരിതങ്ങൾ പറഞ്ഞ് കരച്ചിലും നിലവിളിയും ഒക്കെയാണ്.

ചോദിക്കുന്നത് 25 ലക്ഷം വരെ

മകളുടെ കല്യാണത്തിന് വീടിന്റെ ആധാരം പണയം വച്ച് ലോണെടുത്ത് വൻതുക കടമായി. 25 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാനാകൂ. എങ്ങനെയെങ്കിലും സഹായിക്കണേ മോനേ... എന്നു തുടങ്ങി ഫോണിലൂടെയുള്ള ആവശ്യങ്ങൾ നിരവധി. 25 ലക്ഷം നൽകണമെന്നാവശ്യപ്പെട്ട് ഫോൺനമ്പറും അഡ്രസും ബാങ്കിന്റെ വിവരങ്ങളുമായി പലതവണ കത്തയച്ചവരുണ്ട്. വീടിന്റെ ആധാരം പണയം വച്ചതിന്റെ രേഖകളും ചികിത്സാ രേഖകളും മറ്റുമൊക്കെയായി നേരിട്ട് വരുന്നവർ വേറെ. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശിയായ 32കാരന്റെ ആവശ്യം ബുള്ളറ്റാണ്. ഒരാൾക്ക് ആപേ ഓട്ടോറിക്ഷ വേണം.

ബാങ്കിലൊക്കെ നൽകിയിരിക്കുന്ന ഫോൺ നമ്പരായതിനാൽ മാറ്റാനും കഴിയുന്നില്ല. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഏതായാലും സമ്മാനത്തുക അക്കൗണ്ടിൽ വിശേഷമാകട്ടെയെന്ന് അനൂപ് പറയുന്നു.