നിക്ഷേപകർക്ക് പ്രിയം എഫ്.ഡി; എസ്.ബി നിക്ഷേപം താഴേക്ക്

Sunday 25 September 2022 2:46 AM IST

കൊച്ചി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയർത്തിയതിന് ആനുപാതികമായി ബാങ്കുകൾ സ്ഥിരനിക്ഷേപ (എഫ്.ഡി)​ പലിശയും കൂട്ടിയതോടെ സേവിംഗ്‌സ് ബാങ്ക് (എസ്.ബി)​ നിക്ഷേപത്തിന് പ്രിയം കുറയുന്നു. സെപ്തംബർ 9ന് അവസാനിച്ച രണ്ടാഴ്‌ചക്കാലത്ത് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വർദ്ധന 62,​196.48 കോടി രൂപയാണ്.

സേവിംഗ്‌സ് ബാങ്ക് (എസ്.ബി)​ നിക്ഷേപങ്ങളിൽ നിന്ന് ഇക്കാലയളവിൽ 54,​021.77 കോടി രൂപ കൊഴിഞ്ഞപ്പോൾ ഫിക്‌സഡ് ഡെപ്പോസിറ്റിൽ (എഫ്.ഡി)​ 1,​16,​218.25 കോടി രൂപയുടെ അധികനിക്ഷേപമെത്തി.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവിൽ ശരാശരി 3-4 ശതമാനം പലിശയാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. എന്നാൽ, എഫ്.ഡിക്ക് 6-7 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയർന്നിട്ടുണ്ട്. റിസ‌ർവ് ബാങ്ക് ഇനിയും പലിശനിരക്ക് കൂട്ടാനിടയുള്ളതിനാൽ എഫ്.ഡി നിരക്കും ആനുപാതികമായി ഉയരും.

വരുംനാളുകളിലും എഫ്.ഡിക്ക് പ്രിയമേറാനാണ് സാദ്ധ്യത.

വ്യക്തിഗത വായ്‌പയ്ക്ക്

വലിയ ഡിമാൻഡ്

നടപ്പുവർഷം ഏപ്രിൽ-ജൂണിൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിലെ വായ്‌പാവിതരണം 10.7 ശതമാനം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജനുവരി-മാർച്ചിൽ വളർച്ച 5.8 ശതമാനമായിരുന്നു.

വ്യക്തിഗത വായ്‌പകൾ 20.8 ശതമാനവും വ്യവസായ വായ്പകൾ 7.2 ശതമാനവും ഉയർന്നു. മൊത്തം വായ്‌പകളിൽ വ്യവസായ വായ്‌പകളുടെ വിഹിതം 43.7 ശതമാനത്തിൽ നിന്ന് 44.1 ശതമാനത്തിലേക്ക് ഉയർന്നു.

38%

മൊത്തം വായ്‌പകളിൽ സ്വകാര്യബാങ്കുകളുടെ വിഹിതം 2020ലെ 35.3 ശതമാനത്തിൽ നിന്ന് 38 ശതമാനമായി മെച്ചപ്പെട്ടു. 2015ൽ വിഹിതം 22.2 ശതമാനമായിരുന്നു.

Advertisement
Advertisement