സെക്രട്ടറിമാരില്ലാതെ 71 പഞ്ചായത്തുകൾ

Sunday 25 September 2022 12:00 AM IST

തിരുവനന്തപുരം : ഫയൽ തീർപ്പാക്കാൻ സർക്കാർ നിരന്തരം നിർദ്ദേശം നൽകുമ്പോഴും 71 ഗ്രാമപഞ്ചായത്തുകളിൽ ഇതിന് ചുക്കാൻ പിടിക്കേണ്ട സെക്രട്ടറിമാരുടെ കസേര അ‌ഞ്ചുമാസമായി ഒഴിഞ്ഞു കിടക്കുന്നു.

മുൻപ് ഒഴിവുള്ള തസ്തികയിൽ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത്തവണ സ്ഥാനക്കയറ്റം പൊതു സ്ഥലംമാറ്റത്തിനൊപ്പം മതിയെന്ന വകുപ്പ് തീരുമാനമാണ് പഞ്ചായത്തുകൾക്ക് നാഥനില്ലാതാക്കിയത്.

സൂപ്രണ്ട്, അസി.സെക്രട്ടറി തസ്തികയിലുള്ളവരെയാണ് സ്ഥാനക്കയറ്റം നൽകി സെക്രട്ടറിമാരായി നിയമിക്കേണ്ടത്. നടപടികൾ ഇഴഞ്ഞതോടെ നാലുമാസത്തിനിടെ ഏഴുപേരാണ് സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിച്ചത്. എല്ലാവർഷവും സ്‌കൂൾ തുറക്കും മുമ്പ് മേയ് 15ഓടെയാണ് പൊതുസ്ഥലംമാറ്റം. ഈ വർഷം മുതൽ പൊതുസ്ഥലംമാറ്റം ഓൺലൈനിലേക്ക് മാറ്റി. ഓൺലൈനിൽ അപേക്ഷിക്കാനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കി ജൂൺ 26നാണ് നടപടികൾ ആരംഭിച്ചത്. ജൂലൈ 22ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. സാങ്കേതിക തകരാറ് കാരണം ജീവനക്കാർ നൽകിയ ഓപ്ഷൻ പ്രകാരമല്ല സ്ഥലം മാറ്റം അനുവദിച്ചത്. ജില്ലയ്ക്ക് പുറത്ത് മൂന്നു വർഷത്തിലേറെയായി നിൽക്കുന്ന സ്ത്രീകൾക്ക് പോലും സ്വന്തം ജില്ലയിൽ കിട്ടാതെയായി. ഇതോടെയാണ് നടപടികൾ നിശ്ചലമായത്.

75 അസി.സെക്രട്ടറിമാർ എന്ന് വരും ?

അധികാര വികേന്ദ്രീകരണത്തിന് മാതൃകയായ കേരളത്തിലെ 75 ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്ല. ഹെ‌ഡ്ക്ലാർക്കും അക്കൗണ്ടന്റുമാണ് അസി.സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. ഇവർക്ക് അസി.സെക്രട്ടറിയുടെ ശമ്പളം നൽകുന്നതിനാൽ തസ്തിക സൃഷ്ടിച്ചാൽ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, ജനകീയ ഹോട്ടൽ, ഹരിത കർമ്മ സേന, അതിദരിദ്ര സർവേ, വാതിൽപ്പടി സേവനം എന്നീ ജനകീയ പദ്ധതികളുടെയെല്ലാം ചുമതല പഞ്ചായത്തുകളിൽ അസി.സെക്രട്ടറിമാർക്കാണ്.

'നടപടികൾ അന്തിമഘട്ടത്തിലായി. പൊതുസ്ഥലമാറ്റവും സ്ഥാനക്കയറ്റവും നൽകിയുള്ള ഉത്തരവ് ഉടനിറങ്ങും.'

-എച്ച്.ദിനേശൻ

പഞ്ചായത്ത് ഡയറക്ടർ

Advertisement
Advertisement