എ.കെ.ജി സെന്റർ ആക്രമണം;വനിതാ നേതാവിനെ ചോദ്യം ചെയ്യും

Sunday 25 September 2022 12:00 AM IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതി ജിതിന് വാഹനം നൽകിയെന്ന് സംശയിക്കുന്ന ആറ്റിപ്രയിലെ വനിതാ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള സാഹചര്യം നിലവിലില്ല. ബോംബ് എറിയാൻ ജിതിൻ എത്തിയ ഡിയോ സ്ക്കൂട്ടർ ഈ നേതാവ് നൽകിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ വാഹനം ഇനിയും കണ്ടെത്താനാകാത്തത് പ്രതിസന്ധിയാണ്. അതേസമയം ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് രാവിലെ ആറിനായിരുന്നു തെളിവെടുപ്പ്. ജിതിന്റെ കുളത്തൂരിലെ വീട്, പരിസരം,സംഭവ ശേഷം ജിതിൻ പോയെന്ന് സംശയിക്കുന്ന കഴകൂട്ടത്തെ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. എ.കെ.ജി സെന്റർ പരിസരത്തേക്ക് പ്രതിയെ ഉടൻ തെളിവെടുപ്പിന് എത്തിക്കും. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുമായി പരമാവധി തെളിവ് കണ്ടെത്തേണ്ടത് അനിവാര്യമാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അതും കണ്ടെത്തേണ്ടതുണ്ട്. തിങ്കളാഴ്ച ജിതിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അന്നേദിവസം ജാമ്യാപേക്ഷയും കോടതി പരിഗണിയ്ക്കും. ഏറെ ചർച്ചയായ എ.കെ.ജി സെന്റർ ആക്രമണം നടന്ന് 84-ാം ദിവസമാണ് പ്രതിയെ പിടികൂടിയത്. അതിനിടെ ജിതിനെ പാർട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.