കല്ലേലി - അച്ചൻകോവിൽ വനപാത, വഴിയിലുണ്ട് വന്യമൃഗം

Sunday 25 September 2022 12:09 AM IST

കോന്നി : കല്ലേലി - അച്ചൻകോവിൽ വനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ , നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന പാതയിൽ വന്യ മൃഗങ്ങളുടെ നിരന്തര സാന്നിദ്ധ്യമാണുള്ളത്. അടുത്തിടെ കോന്നി വനം ഡിവിഷന്റെ പരിധിയിലെ ചെമ്പനരുവി ഭാഗത്ത് അജ്ഞാതനെ കാട്ടാന ചവിട്ടികൊന്നു. ബൈക്ക് യാത്രക്കാരിൽ പലരും തലനാരിഴയ്‌ക്കാണ്‌ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെട്ടിട്ടുള്ളത്. കല്ലേലി മുതൽ അച്ചൻകോവിൽ വരെ അച്ചൻകോവിലാറിനു സമാന്തരമായാണ് വനപാതയിലൂടെയുള്ള യാത്ര. സഞ്ചാരികൾക്ക് ഇവിടം കൂടുതൽ ഇഷ്ടപ്പെടുമെങ്കിലും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഭീഷണിയാകുകയാണ്.

വളവുകളിൽ കാട്ടാന ശല്യം

റോഡിലെ വളവുകളിൽ കാടുവളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾ കാട്ടാനകളുടെ മുന്നിൽ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്. കഴിഞ്ഞ ഓണസമയത്ത് നിരവധി സഞ്ചാരികൾ ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നു. ആവണിപ്പാറ ആദിവാസികോളനി അച്ചൻകോവിലാറിനു സമീപത്താണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മാസം തോറും ആവണിപ്പാറയിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്. വനത്തിലൂടെയുള്ള നാൽപ്പതു കിലോമീറ്റർ യാത്രയ്ക്ക് ഒന്നര മണിക്കൂർ സമയം എടുക്കും. ഓരോ വളവും സൂക്ഷിച്ചു ആന ഉണ്ടോന്നു ഉറപ്പാക്കിയേ പോകാൻ കഴിയു. സർക്കാർ ആനപിടിത്തം നിറുത്തലാക്കിയതോടെ ഈ വനമേഖലയിലെ കാട്ടാനകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

അനുമതിയോടെ യാത്ര ചെയ്യണം

യാത്രക്കിടെ വാഹനത്തിനോ യാത്രക്കാർക്കോ അത്യാഹിതം സംഭവിച്ചാൽ പുറം ലോകത്തെത്താൻ ബുദ്ധിമുട്ടും. കല്ലേലിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. മഴ സീസണിൽ പോകുമ്പോൾ കാടിന്റെ പച്ചപ്പും തണുപ്പും ആസ്വദിക്കാം. രാത്രി വനത്തിലൂടെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഔദ്യോഗിക യാത്രകൾക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ വനം വകുപ്പിന്റെ പെട്രോളിംഗ് സംഘം അനുഗമിക്കും. ആവണിപ്പാറയ്ക്ക് സമീപം പുനലൂർ ആലിമുക്കിൽ നിന്നുള്ള പാതയും കൂടി ചേരുന്നു.

Advertisement
Advertisement