തിമിംഗലങ്ങളുടെ കൂറ്റൻ അസ്ഥികൂടങ്ങൾ, സ്കൂബ ഡൈവിംഗ് പുരസ്കാരം നേടിയ അപൂർവ്വ ചിത്രം പങ്കുവെച്ച് ഫോട്ടോഗ്രാഫർ

Saturday 24 September 2022 11:51 PM IST

ജുറാസിക് യുഗത്തിലെ ഏതോ ഭീമന്റേതെന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന തരത്തിലുള്ള കുറച്ച് ചിത്രങ്ങൾ കൊണ്ട് കണ്ടവരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ് സ്വീഡിഷ് ഫോട്ടോഗ്രാഫറായ അലക്സ് ഡോസൺ. അണ്ടർ വാട്ടർ ഫോട്ടോഗ്രഫി മത്സരത്തിൽ വൈഡ് ആംഗിൾ വിഭാഗത്തിൽ അലക്സിനെ സമ്മാനർഹനാക്കിയ തിമിംഗലങ്ങളുടെ ശ്മശാന ഭൂമിയുടെ ചിത്രമാണ് ഇന്റർനെറ്റിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ദിനോസർ ഫോസിൽ പോലെ തോന്നിക്കുന്ന തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങൾ അടങ്ങിയ ചിത്രം ബുധനാഴ്ചയാണ് അലക്സ് ട്വിറ്റർ വഴി ഷെയർ ചെയ്തത്.

ഗ്രീൻലാന്റിലെ ടാസിലാക് ഉൾക്കടലിൽ നിന്നാണ് അലക്സും സുഹൃത്തും തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങളുടെ ചിത്രം പക‌ർത്തിയത്. ഇതിനായി മൂന്നടിയിൽ അധികം കട്ടിപിടിച്ച ഐസിന് താഴെയുള്ല 20-ാളം അസ്ഥികൂടങ്ങൾക്കിടയിലൂടെ രണ്ട് പേരും ഒരു മണിക്കൂറോളം സഞ്ചരിച്ചു.

ടാസിലാക്കിലെ തിമിംഗല വേട്ടക്കാർ തിമിംഗലങ്ങളെ പിടികൂടി മാംസം വേർതിരിച്ച ശേഷം ബാക്കി വരുന്ന അസ്ഥികൾ കടലിൽ തന്നെ ഉപേക്ഷിക്കാറാണ് പതിവ്. ഈ അസ്ഥികൂടങ്ങൾ വേലിയേറ്റ സമയത്ത് ഉൾക്കടലിലെത്തിപ്പെടും. സാധാരണയായി ഇത്തരത്തിൽ ദൃശ്യം കാണാൻ അന്തർവാഹിനികളുടെ സഹായം ആവശ്യമാണെന്നാണ് കൊടും തണുപ്പിനിടയിലും ഫോട്ടോ പകർത്തിയ അലക്സ് പറയുന്നത്.