വാട്ടർ ചാർജ് കുടിശ്ശിക പകുതി അടച്ച് കണക്ഷൻ നിലനിറുത്താം

Sunday 25 September 2022 12:12 AM IST

 ആംനെസ്റ്റി പദ്ധതി ഇനി ഒരാഴ്‌ച മാത്രം

തിരുവനന്തപുരം: 2021 ഡിസംബർ 31ന് മുമ്പ് മുതൽ വാട്ടർ ചാർജ് കുടിശ്ശികയുള്ള കണക്ഷനുകൾ ആംനെസ്റ്റി പദ്ധതിയിലെ ആനുകൂല്യങ്ങൾ വഴി അടച്ച് നിലനിറുത്താം. കുടിശികയുടെ പകുതി അടച്ച് കണക്‌ഷൻ നിലനിറുത്തുന്നതിന് പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി അവസാനിക്കാൻ ഇനി ഒരാഴ്‌ചയേ ഉള്ളൂ. ബാക്കി തുക പരമാവധി ആറ് തവണകളായി അടയ്‌ക്കാം. പിഴയും പിഴപ്പലിശയും പരമാവധി ഇളവ് ലഭി​ക്കും. സെപ്‌തംബർ 30 വരെ എല്ലാദി​വസവും ഇതി​നുള്ള അപേക്ഷ നൽകാം. വ്യാഴാഴ്‌ചകളിലാണ് സിറ്റിംഗ്.

റവന്യു റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കും പദ്ധതിയിൽ അപേക്ഷി​ക്കാം. തീർപ്പാക്കിയ തുകയ്‌ക്കു പുറമെ റവന്യു വകുപ്പിന് റിക്കവറി ചാർജ് കൂടി അടയ്‌ക്കണം. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഉപഭോക്താക്കളുടെ കേസ് പിൻവലിക്കുന്ന പക്ഷം പദ്ധതിയിലേക്ക് പരിഗണിക്കും.

ഈ പദ്ധതിയിൽ വാട്ടർ അതോറിട്ടിക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ ലഭിച്ചത് 8.07 കോടി രൂപ. ഏറ്റവും കൂടുതൽ തുക ലഭിച്ചത് പത്തനംതിട്ട (2.85 കോടി)​,​ കൊല്ലം (1.70 കോടി)​ എന്നീ ജില്ലകളിലാണ്. തലസ്ഥാന ജില്ലയിൽ 1.17 കോടി പിരിഞ്ഞുകിട്ടി. അതേസമയം,​ പല കാരണങ്ങളാൽ 20.27 കോടി എഴുതിത്തള്ളി.

ജില്ല,​ ലഭിച്ച തുക,​ എഴുതിത്തള്ളിയത് എന്ന ക്രമത്തിൽ

തിരുവനന്തപുരം - 1.44 കോടി - 6.06 കോടി

കൊല്ലം - 1.70 കോടി​ - 61.62 ലക്ഷം

ആലപ്പുഴ - 30.95 ലക്ഷം - 2.69 കോടി

പത്തനംതിട്ട: 2.85 കോടി - 94.76 ലക്ഷം

കോട്ടയം - 11.66 ലക്ഷം - 90.42 ലക്ഷം

ഇടുക്കി- 4.62 ലക്ഷം - 14.43 ലക്ഷം

എറണാകുളം - 1.03 കോടി - 3.18 കോടി

തൃശൂർ - 22.93 ലക്ഷം - 2.83 കോടി

പാലക്കാട് - 22.91 ലക്ഷം - 23.38 ലക്ഷം

മലപ്പുറം - 19.90 ലക്ഷം - 44.30 ലക്ഷം

കോഴിക്കോട്: 15.58 ലക്ഷം - 64.60 ലക്ഷം

വയനാട് - 14.89 ലക്ഷം - 69.71 ലക്ഷം

കണ്ണൂർ - 80,​164 രൂപ - 1.50 ലക്ഷം

കാസർകോട് - 1.40 ലക്ഷം - 2.32 ലക്ഷം

ആംനെസ്റ്റി കണക്കുകൾ

അപേക്ഷകൾ: 33,​394

തീർപ്പാക്കിയത്: 9646

മൊത്തം കുടിശിക: 913 കോടി

ആംനെസ്റ്റിയിലുൾപ്പെടുത്തിയ കുടിശിക: 29.52 കോടി