കേരളത്തിന്റെ ഭാവി വിജ്ഞാന മൂലധനത്തിൽ: എം.വി.ഗോവിന്ദൻ

Sunday 25 September 2022 12:26 AM IST

തിരുവനന്തപുരം: വിജ്ഞാന സമ്പത്തുള്ള സമൂഹമായി വളരണമെന്നും വിജ്ഞാന മൂലധനത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എസ്.കെ.പൊറ്റെക്കാടും സക്കറിയയും നടത്തിയ ആഫ്രിക്കൻ യാത്രകളെ പഠന വിധേയമാക്കി ഡോ.അബ്ദുൽ ഹക്കിം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങൾ' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ബന്യാമിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സത്യൻ.എം അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ഡോ.പ്രിയ വർഗീസ്, സംസ്കൃത സർവകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.എം.സി.അബ്ദുൽ നാസർ, മുൻ എം.പി ഡോ.സമ്പത്ത് , സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ ആർ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ, സഞ്ചാര സാഹിത്യകാരൻ സജി മാർക്കോസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് എം.യു. പ്രവീൺ എന്നിവർ സംസാരിച്ചു.