എ. ബി.സി പദ്ധതിക്ക് ജില്ലയിൽ തുടക്കം

Sunday 25 September 2022 1:04 AM IST

കൊല്ലം: തെരുവുനായ്ക്കളെ പിടികൂടി പ്രജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്ന എ.ബി.സി പദ്ധതിക്ക് ജില്ലയിൽ ഇന്ന് തുടക്കം. പദ്ധതി നടത്തിപ്പിനായി 13 ശസ്ത്രക്രിയ കേന്ദ്രങ്ങൾ സജ്ജമായി.

10 ഡോക്ടർമാരെയും നായ്ക്കളെ പിടികൂടാൻ 32 ഹാൻഡ്ലർമാരെയും നിയോഗിച്ചു. ഒരു ഡോക്ടർക്ക് നാല് ഹാൻഡ്ലർമാരാവും ഉണ്ടാവുക.

അഞ്ച് വർഷം മുമ്പുള്ള സെൻസസ് അനുസരിച്ച് ജില്ലയിൽ 52,906 തെരുവു നായ്ക്കളാണുള്ളത്.

നായ്ക്കളെ തെരുവിൽ നിന്ന് പിടികൂടി പ്രത്യേകം സജ്ജമാക്കിയ ശസ്ത്രക്രിയ കേന്ദ്രങ്ങളിലെത്തിക്കും. വന്ധ്യംകരിച്ച ശേഷം ആൺ നായകളെ നാല് ദിവസവും പൊൺനായ്ക്കളെ അഞ്ച് ദിവസവും പ്രത്യേക കൂടുകളിൽ പാർപ്പിക്കും. ആന്റിബയോട്ടിക്കുകളും പേവിഷ പ്രതിരോധ മരുന്നുകളും നല്കി മുറിവുണങ്ങിയ ശേഷം പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചുവിടും. ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കളുടെ ചെവിയിൽ പ്രത്യേകം അടയാളം പതിപ്പിക്കും. പ്രതിരോധ കുത്തിവയ്പ് നൽകിയ നായകൾക്ക് കറുപ്പ്, മഞ്ഞ നിറത്തിലുളള അടയാളങ്ങളാണ് നൽകുക.ദിവസേന ഒരു കേന്ദ്രത്തിൽ 10 മുതൽ 15 വരെ നായ്ക്കളെ വന്ധ്യംകരിക്കാനാവും. 90 ദിവസം തുടർച്ചായി ഈ പ്രവർത്തനം തുടരും. ഗ്രാമപ‌ഞ്ചായത്തുകൾ 75000 രൂപ വീതവും ജില്ലാ പഞ്ചായത്ത്

50 ലക്ഷംരൂപയും പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.

..................................

ശസ്ത്രക്രിയ കേന്ദ്രങ്ങൾ

പുനുക്കന്നൂർ, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, കുഴിമതിക്കാട്, ശാസ്താംകോട്ട, പത്തനാപുരം, പന്മന, ചിറക്കര, വെഞ്ചേമ്പ്, ചിതറ, കടയ്ക്കൽ, തേവലപ്പുറം,

കൊല്ലം വെറ്റ് ക്രോസ് ഹോസ്പിറ്റൽ

....................................

ഒരുലക്ഷം രൂപ ചെലവിൽ 130 ഓളം ശസ്ത്രക്രിയകൾ നടത്താനാകും. കൂടുതൽ പഞ്ചായത്തുകൾ അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ജില്ലയെ പേവിഷ വിമുക്തമാക്കാൻ കഴിയും.

ഡോ.ഡി. ഷൈൻകുമാർ

എ.ബി.സി ജില്ലാകോ- ഓർഡിനേറ്റർ

Advertisement
Advertisement