ഹർത്താൽ ദിനത്തിൽ പൊലീസിന്റെ വിസ്‌മയകരമായ നിസ്സംഗത: വി.ഡി.സതീശൻ

Sunday 25 September 2022 1:41 AM IST

പുതുക്കാട്: ഹർത്താൽ അക്രമസംഭവങ്ങൾ നേരിടാൻ പൊലീസിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും അക്രമത്തെ തള്ളിപ്പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. വിസ്‌മയം ഉളവാക്കിയ നിസ്സംഗതയാണ് ഇന്നലെ ഹർത്താൽ ദിനത്തിൽ പൊലീസ് കാണിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസിനെ എന്തിന് കൊണ്ട് നടക്കണം?

വർഗീയ നിലപാടിൽ സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. ബി.ജെ.പിയുമായി സി.പി.എം സന്ധി ചെയ്‌തത് കേസിൽ നിന്ന് രക്ഷപ്പെടാനാണ്. എല്ലാ വർഗീയതയ്‌ക്കും സർക്കാർ കുട പിടിക്കുന്നു. ഒരു വർഗീയ വാദികളുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞത് കോൺഗ്രസാണ്. ആർ.എസ്.എസിനെ ചൂണ്ടിക്കാട്ടി പോപ്പുലർ ഫ്രണ്ടും അവരെ ചൂണ്ടിക്കാട്ടി ആർ.എസ്.എസും വളരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ശരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയട്ടെ. പൊലീസ് എവിടെയാണ്? കെ.എസ്.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിൽ വച്ച് അച്‌ഛനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റുണ്ടായോ?

കണ്ണൂർ സർവകലാശാലയിൽ നാല് ആർ.എസ്.എസ് ആചാര്യന്മാരുടെ അഞ്ച് പുസ്‌തകങ്ങൾ പഠിപ്പിക്കുമ്പോൾ അറിയാതെ സവർക്കറിന്റെ ചിത്രം ഒരു പ്രവർത്തകൻ വച്ചത് കോൺഗ്രസിന്റെ തലയിൽ വയ്‌ക്കുന്നു. കോൺഗ്രസ് നടത്തുന്ന യാത്രയുടെ റൂട്ട് നിശ്ചയിക്കുന്നത് സി.പി.എം അല്ല. എ.കെ.ജി സെന്റർ ആക്രമണത്തിൽ തെളിവുകൾ പറയാതെയാണ് അറസ്റ്റ്. ശരിയായ രീതിയിൽ അന്വേഷിച്ചാൽ അത് സി.പി.എമ്മിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement