കല്ലെറിയുമ്പോൾ കൈ വിറയ്‌ക്കണം, ഹർത്താൽ ആഹ്വാനം ചെയ്‌തവർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ഹർത്താൽ ആഹ്വാനം ചെയ്‌തവരിൽ നിന്നും അക്രമികളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളുടെ നഷ്ടപരിഹാരവും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസ് തുടങ്ങുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽ നിന്നും ഈടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.യിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾബെഞ്ച് ഉത്തരവ്.
നഷ്ടപരിഹാരമടക്കമുള്ള തുക എങ്ങനെ ഈടാക്കുമെന്ന് സർക്കാർ അറിയിക്കണം. കെ.എസ്.ആർ.ടി.സി ബസിനു നേരെ ഇനി കല്ലെറിയാനൊരുങ്ങുന്നവരുടെ കൈ വിറയ്‌ക്കുന്ന തരത്തിലുള്ള നടപടിയാണ് വേണ്ടത്. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. മാത്രമല്ല ഇതു സംബന്ധിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കണം. ഈ വിഷയം ഒക്ടോബർ 17 നു വീണ്ടും പരിഗണിക്കും.
ഹർത്താലിൽ 70 ബസുകൾ തകർത്തെന്നും 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും കെ.എസ്. ആർ.ടി.സി വിശദീകരിച്ചിരുന്നു. ഹർത്താൽ ദിനത്തിൽ ധൈര്യത്തോടെ ജോലിക്കെത്തിയ ജീവനക്കാർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം സംഭവങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിച്ചേ പറ്റൂ. ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കേണ്ടി വന്ന ഡ്രൈവർമാരുടെ ദയനീയാവസ്ഥ കോടതിക്ക് മനസിലാകും. സർക്കാരിന്റെ ഭാഗത്തു നിന്ന് കർശന നടപടിയുണ്ടായാലേ ഇത്തരം ആക്രമണങ്ങൾ തടയാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.