വീട്ടുകാർ സീരിയലിൽ കുട്ടികൾ മൊബൈലിൽ, ഈ ഗ്രാമത്തിൽ ഏഴ് മണിക്ക് സൈറനടിച്ചാൽ  ഒന്നരമണിക്കൂർ ആരും  ഫോൺ കൈ കൊണ്ട് തൊടില്ല, ടിവിയും കാണില്ല

Sunday 25 September 2022 12:21 PM IST

എങ്ങനെ മുഴുവൻ സമയവും ഓൺലൈനായി മാറാം എന്ന് ചിന്തിക്കുന്ന ലോകത്ത് കുറച്ച് സമയം ഓഫ്‌ലൈനാകാൻ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമം. സാംഗ്ലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഗ്രാമവാസികൾ കൂട്ടായിട്ടാണ് ഈ തീരുമാനമെടുത്തത്. വൈകിട്ട് എഴു മണിമുതൽ ഒന്നരമണിക്കൂർ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഓഫാക്കുക അല്ലെങ്കിൽ കൈ കൊണ്ട് തൊടാതിരിക്കുക എന്നതാണ് തീരുമാനം. ഇതിനായി എന്നും ഏഴുമണിക്ക് ഗ്രാമത്തിൽ സൈറൺ മുഴങ്ങും. പിന്നീടുള്ള 1.5 മണിക്കൂർ ടെലിവിഷൻ സെറ്റുകൾ ഓഫ് ചെയ്യുകയും ഫോണുകൾ മാറ്റിവെക്കുകയും ചെയ്യും.

തീരുമാനത്തിന് പിന്നിൽ

വിപ്ലവകരമായി ഈ തീരുമാനം എടുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിച്ചത് കുട്ടികൾ മടിയന്മാരാകുന്നു എന്ന കണ്ടെത്തലാണ്. അവർ വായിക്കാനും എഴുതാനും താൽപ്പര്യപ്പെടുന്നില്ലെന്നും, സ്‌കൂൾ സമയത്തിന് മുമ്പും ശേഷവും മൊബൈൽ ഫോണുകളിൽ മുഴുകിയിരിക്കുകയാണെന്നും വീട്ടുകാരും, സ്‌കൂൾ അധികൃതരും മനസിലാക്കി.
കുട്ടികളുടെ ഊർജം പഠനത്തിലേക്ക് തിരിച്ചുവിടുന്നതിനും സമൂഹവുമായി ഇടപഴകുന്നതിനും വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്താനും ഈ നിർബന്ധിത പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. ഇവർക്ക് കൂട്ടായി മുതിർന്നവരും പഴയകാലത്തിലേക്ക് മടങ്ങി. മൊബൈലിലും ടിവിയിലും ദിവസവും മുഴുകുന്ന സ്‌ക്രീൻ ടൈം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

വേണം ഡിജിറ്റൽ ഡിറ്റോക്സ്

മൊബൈൽ ഉപയോഗത്തിൽ അടിമകളാവുന്ന അവസ്ഥ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ ഡിറ്റോക്സ് പ്രാധാന്യം അർഹിക്കുന്നത്. ഓൺലൈൻ സമയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിലൂടെ ആരോഗ്യത്തിലും മാറ്റമുണ്ടാകും. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗത്തിൽ നിന്നും ചെറിയ ഇടവേളകൾ എടുക്കുക എന്നതാണ് ഡിജിറ്റൽ ഡിറ്റോക്സിലൂടെ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ ഡിറ്റോക്സ് മുഖേന ഒരാൾക്ക് ജീവിതത്തിൽ നിരവധി മാറ്റങ്ങളുണ്ടാവും. സ്വയം അവബോധബോധം വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സാമൂഹിക ഇടപെടലുകൾ നടത്തുക, നല്ല ഉറക്കം, മാനസികാരോഗ്യം ഉറപ്പാക്കുക, സംതൃപ്തി തുടങ്ങിയവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവും.

Advertisement
Advertisement