നവരാത്രിക്ക് കരിമ്പിന്റെ മധുരവും
കോഴിക്കോട്: നവരാത്രി ആഘോഷത്തിന് തുടക്കമായതോടെ കരിമ്പ് വിപണിയും സജീവമായി. പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ കച്ചവടകേന്ദ്രങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് കരിമ്പ് എത്തിത്തുടങ്ങി. ഒരു കെട്ടിന് 400 മുതൽ 600 വരെയാണ് വില. ഒരു കെട്ടിൽ 20 കരിമ്പുകളാണ് ഉണ്ടാവുക. സേലം, മധുര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും എത്തുന്നത്. സേലത്ത് നിന്നെത്തുന്നവയ്ക്കാണ് ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു. വലിപ്പവും മധുരവും കൂടുമെന്നതാണ് ഇവയുടെ പ്രത്യേകത. നവരാത്രിയോടനുബന്ധിച്ചാണ് ജില്ലയിൽ കരിമ്പ് കച്ചവടം ആരംഭിക്കാറ്.
നവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും ക്ഷേത്രങ്ങളിലേക്കും കരിമ്പ് ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് കരിമ്പ് വിപണി സജീവമായത്. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വില വർദ്ധിക്കും. നവരാത്രി വരെ മാത്രം നീണ്ടു നിൽക്കുന്ന കച്ചവടങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികൾ അവസാനച്ചതോടെ വലിയ പ്രതീക്ഷയിലാണ് കച്ചവടക്കാർ. പൊരിക്കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഇതും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് പൂജ സ്റ്റാളുകളും സജീവമായി.