രാജ്യം ക്ലീനാക്കാൻ 'സ്വച്ഛ് ലീഗ് ' കേരളത്തിന് 70 ടീം

Monday 26 September 2022 12:04 AM IST

കൊച്ചി: രാജ്യം അടിച്ചു വാരി വൃത്തിയാക്കാൻ കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വച്ഛ് ലീഗിൽ ( ഐ.എസ്.എൽ) കേരളത്തിൽ നിന്ന് 70 ടീമുകൾ മാറ്റുരയ്ക്കും. സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ മുനിസിപ്പാലിറ്റികളെ ഓരോ ടീമാക്കിയാണ് ലീഗ് നടത്തുന്നത്.

19ന് ആരംഭിച്ച സ്വച്ഛ് ലീഗ് ഗാന്ധി ജയന്തിയായ ഒക്ടോബർ രണ്ടിന് സമാപിക്കും. കേന്ദ്ര സ്വച്ഛ് മിഷൻ പ്രവർത്തനങ്ങൾ നിശ്ചിതസമയത്ത് പൂർത്തിയാക്കുന്നതാണ് മത്സരം. വിജയികളാവുന്ന പത്ത് ടീമുകളെ ഡൽഹിയിൽ പുരസ്കാരം നൽകി ആദരിക്കും. രാജ്യം സ്വീകരിക്കേണ്ട ശുചിത്വ രീതികളെക്കുറിച്ചുള്ള നവീന ആശയങ്ങൾ ഇവർക്ക് കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കാം. ഡെൽഹിയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാം.

കേരളം @ 70

കേരളത്തിലെ 70 മുനിസിപ്പാലിറ്റികളാണ് ലീഗിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ ടീമുകൾ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ് - എട്ടെണ്ണം. വയനാട് -5, തിരുവനന്തപുരം -4, പത്തനംതിട്ട -2, പാലക്കാട് -6, കോഴിക്കോട് -7, കോട്ടയം -2, കാസർകോട് -2, കണ്ണൂർ -6, കൊല്ലം-3, ഇടുക്കി- 2, ആലപ്പുഴ 7 എന്നിങ്ങിനെയാണ് മറ്റ് ജില്ലകളിലെ ടീമുകൾ. ഐ.പി.എൽപോലെ ഓരോ മുനിസിപ്പാലിറ്റിയും പേര് സ്വീകരിച്ചിട്ടുണ്ട്.

 മത്സരങ്ങൾ

•ബീച്ച് ക്ലീനിംഗ് •മലയോരം ക്ലീനിംഗ് •ടൂറിസം കേന്ദ്രം ക്ലീനിംഗ് •പ്ലോഗിംഗ് •മനുഷ്യച്ചങ്ങല •കാൽനടറാലി •ബൈക്ക്റാലി •സൈക്കിൾറാലി •ഫ്ലാഷ്മോബ്‌

 ലക്ഷ്യം

1. ശുചീകരണ തൊഴിലാളികളുടെ പരിശ്രമം യുവജനങ്ങളെ ബോദ്ധ്യപ്പെടുത്തുക 2. മാലിന്യ വിരുദ്ധ പോരാട്ടം വിജയിപ്പിക്കൽ 3. മാലിന്യം വലിച്ചെറിയൽ ഒഴിവാക്കൽ 4.പൊതുജനങ്ങളെ ബോധവത്കരിക്കൽ 5. മാലിന്യം കുറയ്ക്കലിന്റെ പ്രാധാന്യം വർദ്ധിപ്പിക്കൽ

6. ജലസ്രോതസുകൾ മാലിന്യമുക്തമാക്കൽ

കേരളത്തിൽനിന്ന് ഇരുപത്തയ്യായിരം യുവാക്കളാണ് സ്വച്ഛ് ലീഗിന്റെ ഭാഗമായിട്ടുള്ളത്

---ധന്യ പ്രോഗ്രാം ഓഫീസർ ശുചിത്വമിഷൻ എറണാകുളം